അതിരപ്പിള്ളിയിലെ മസ്തകത്തിന് പരിക്കേറ്റ കൊമ്പന് ചരിഞ്ഞു
അണുബാധ തുമ്പിക്കയ്യിലേക്ക് ബാധിച്ചതോടെയാണ് കൊമ്പൻ ചരിഞ്ഞത്.

കൊച്ചി : മസ്തകത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അതിരപ്പിള്ളിയിലെ കാട്ടാന ചരിഞ്ഞു. കോടനാട് ആന പരിപാലനകേന്ദ്രത്തില് ചികിത്സയിലായിരുന്നു.മസ്തകത്തിലെ മുറിവില്‍ പുഴുക്കളെ കണ്ടെത്തിയതോടയാണ് ആനയെ പിടികൂടി ചികിത്സിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്. വെറ്റിലപ്പാറയ്ക്ക് സമീപത്ത് നിന്നാണ് ആനയെ പിടികൂടിയത്.
വെറ്റിനറി സര്ജന് അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം സ്ഥലത്തെത്തിയാണ് മയക്കുവെടി വച്ചത്. മസ്തകത്തിലെ മുറിവില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷമാണ് കോടനാട്ടേയ്ക്ക് കൊണ്ടുപോയത്.
തുമ്പികൈയിലേക്കും അണുബാധ ബാധിച്ചിരുന്നു. ആന രക്ഷപെടാന്‍ 30 ശതമാനം സാധ്യത മാത്രമാണുള്ളതെന്ന് നേരത്തേ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. കഴിഞ്ഞദിവസം മയക്കുവെടിയേറ്റ് മയങ്ങി വീണ ആനയെ കുങ്കി ആനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റിയാണ് കോടനാട് എത്തിച്ചത്.