എൺപതാം വയസിൽ സാക്ഷരതാമിഷന്റെ നാലാതരം പരീക്ഷയെഴുതി തങ്കമ്മ
എൺപതാം വയസിൽ
കോട്ടയം: എൺപതാം വയസിൽ സാക്ഷരതാ മിഷന്റെ നവചേതന പദ്ധതിയിൽ നാലാംതരം പരീക്ഷയെഴുതി തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ പഴംപെട്ടി കോളനിയിലെ ഈരേത്തറ തങ്കമ്മ. നാലാം തരം ജയിച്ച് സാക്ഷരതാ മിഷന്റെ ഏഴാം തരവും പത്താംതരവും പഠിക്കണമെന്നാണ് തങ്കമ്മയുടെ ആഗ്രഹം. തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി നഗറുകളിൽ സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന 'നവചേതന' പദ്ധതിയിൽ പരീക്ഷ എഴുതിയ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവാണ് തങ്കമ്മ.പട്ടികജാതി നഗറുകളിൽ പഠനം മുടങ്ങിയവർക്ക് തുടർവിദ്യാഭ്യാസത്തിനായാണ് സാക്ഷരതാ മിഷൻ പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ വിജയപുരം, തൃക്കൊടിത്താനം, തലയോലപ്പറമ്പ്, കോരുത്തോട്, കടപ്ലാമറ്റം പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി നഗറുകളിലാണ് പദ്ധതി നടപ്പാക്കിയത്. ഏഴു കേന്ദ്രങ്ങളിലായി 189 പഠിതാക്കളാണ് പരീക്ഷ എഴുതി.പരീക്ഷാകേന്ദ്രങ്ങളിൽ ജനപ്രതിനിധികൾ പഠിതാക്കളെ സ്വീകരിച്ചു. വിജയപുരം പഞ്ചായത്തിൽ കൊശമറ്റം കോളനി നഗറിലെ കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മിഥുൻ ജി തോമസ്, കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിൽ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആൻസി സഖറിയാസ്, കോരുത്തോട് ഗ്രാമപഞ്ചായത്തിൽ പുഞ്ചവയൽ 504 കോളനി സാമൂഹ്യ പഠന കേന്ദ്രത്തിൽ പ്രസിഡന്റ് ജാൻസി സാബു, തലയോലപറമ്പ് പഞ്ചായത്തിൽ ഇൻസ്ട്രക്ടർ സുശീല ചോദ്യപേപ്പർ എന്നിവർ പഠിതാക്കൾക്ക് ചോദ്യപേപ്പർ നൽകി ഉദ്ഘാടനം ചെയ്തു.പരീക്ഷാ പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികൾ , കുടുംബശ്രീ എന്നിവക്കൊപ്പം പ്രത്യേക സംഘാടക സമിതി രൂപീകരിച്ചിരുന്നു. നോഡൽ പ്രേരക് ആർ. സന്തോഷ്, പ്രേരക്മാരായ വി.സി ശാരദ , കെഎം ബിന്ദു ,എംഡി സജിനി, ഇൻസ്ട്രക്ടർ പ്രവിദ എന്നിവർ നേതൃത്വം നൽകി.