അദ്ധ്യാപകർക്കുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലന മൊഡ്യൂൾ പ്രകാശനം ചെയ്തു
സംസ്ഥാനത്തെ 80,000 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി അദ്ധ്യാപകർക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കൈറ്റ് വഴി പരിശീലനം നൽകുന്നത്
 
                                    ഇടുക്കി: അദ്ധ്യാപകർക്കുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലന മൊഡ്യൂൾ മന്ത്രി വി. ശിവൻകുട്ടി ഇടുക്കിയിൽ പ്രകാശനം ചെയ്തു. സംസ്ഥാനത്തെ 80,000 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി അദ്ധ്യാപകർക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കൈറ്റ് വഴി പരിശീലനം നൽകുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തെ അദ്ധ്യാപകർക്ക് എ.ഐ സംബന്ധിച്ച പരിശീലനം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിൽ ഹൈടെക് സ്‌കൂളുകൾ സ്ഥാപിച്ച് കേരളം ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതും കൊവിഡ് കാലത്ത് കൈറ്റ് വിക്ടേഴ്സിലൂടെ ഡിജിറ്റൽ ക്ലാസുകൾ എല്ലാ കുട്ടികളിലേക്കും എത്തിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. ജിസ്യൂട്ട് പ്ലാറ്റ്‌ഫോം വഴി 20 ലക്ഷം കുട്ടികൾക്കും ഒരു ലക്ഷം അദ്ധ്യാപകർക്കും ഓൺലൈൻ സൗകര്യം ഒരുക്കാനായി. കാഴ്ചശക്തിയില്ലാത്ത അദ്ധ്യാപകരും ഈ പ്ലാറ്റ്‌ഫോമിൽ പരിശീലനം നേടി. പരിശീലനം ലഭിച്ച 60,000 ലിറ്റിൽ കൈറ്റ്സ് ക്ലബിലെ കുട്ടികൾ വഴി എട്ട് മുതൽ 12 വരെ ക്ലാസുകളിലെ 12 ലക്ഷം കുട്ടികൾക്ക് പരിശീലനം നൽകും. കമ്പോളത്തിന്റെ ഗതിക്കനുസരിച്ച് യാതൊരു പാഠ്യപദ്ധതി സമീപനവും നോക്കാതെ ഐ.ടി സാങ്കിതിക വിദ്യകൾ യഥേഷ്ടം വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപയോഗിക്കുന്ന തെറ്റായ പ്രവണതകൾക്കിടയിലാണ് പൂർണമായും സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചും, അക്കാദമിക ചട്ടക്കൂട് കർശനമാക്കിയും കേരളം ബദലുകൾ തീർത്തിട്ടുള്ളത്. ഇതേ സമീപനം തന്നെയാണ് എ.ഐ പരിശീലനത്തിലും പ്രയോഗത്തിലും പുലർത്താൻ തീരുമാനിച്ചിട്ടുള്ളത്. പാഠ്യപദ്ധതി സമീപനത്തിൽ നിന്നുകൊണ്ട് വ്യക്തികളുടെ സ്വകാര്യത സംരക്ഷിച്ചും കമ്പോളത്തിന്റെ മായിക വലയത്തിൽ വീഴാതെയും കേരളം ഒരു ബദൽ എ.ഐ സംസ്‌കാരം പൊതുവിദ്യാഭ്യാസ മേഖലയിൽ പടുത്തുയർത്തുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കൈറ്റ് സി.ഇ.ഒ അൻവർ സാദത് ചടങ്ങിൽ പങ്കെടുത്തു
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            