വോളിബോൾ ടൂർണ്ണമെന്റ് ആരംഭിച്ചു
അഞ്ചു ദിവസങ്ങളിലായിട്ടാണ് ടൂർണ്ണമെന്റ് നടക്കുന്നത്.
പീരുമേട്: ഏലപ്പാറ ബോണാമി കാവകുളത്തെ തോട്ടം മേഖലയിലെ കായിക പ്രേമികളെ ആവേശത്തിലാക്കി വോളിബോൾ ടൂർണമെന്റ് ആരംഭിച്ചു. കാവക്കുളം മലങ്കര ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് വോളിബോൾ ടൂർണ്ണമെന്റ് നടക്കുന്നത്. സംസ്ഥാന ലേബർ കമ്മിഷണർ അർജ്ജുൻ പാണ്ഡ്യൻ വോളിബോൾ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. അഞ്ചു ദിവസങ്ങളിലായിട്ടാണ് ടൂർണ്ണമെന്റ് നടക്കുന്നത്. ജില്ലയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നുമുള്ള പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും ട്രോഫിയും നൽകും. രണ്ടാം സ്ഥാനം നേടുന്ന ടീമിന് 15,000 രൂപയും ട്രോഫിയും നൽകും. കാവക്കുളം ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മലങ്കര പ്ലാന്റേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജെ.കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഫിൻ ആൽബർട്ട്, മോഹൻരാജ്, വി.പി. കുഞ്ഞുമോൻ, ജോഷ്വാ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ് നവീൻ എം, വൈസ് പ്രസിഡന്റ് രാജേഷ് എസ്, ട്രഷറർ സാം വി, ജോയിന്റ് സെക്രട്ടറി ആനന്ദ് എഡ്വിൻ എന്നിവർ നേതൃത്വം വഹിച്ചു.