സംസ്ഥാനത്തുതന്നെ ഏറ്റവുമധികം വോട്ടർമാരുള്ള മണ്ഡലമായി ആറന്മുള
ഇത്തവണ 2,36, 632 വോട്ടർമാർ ആറന്മുളയിലുണ്ട്. ഇവരിൽ 1,24,531 സ്ത്രീകളും 1,12,100 പുരുഷൻമാരുമാണുള്ളത്
പത്തനംതിട്ട: സംസ്ഥാനത്തുതന്നെ ഏറ്റവുമധികം വോട്ടർമാരുള്ള മണ്ഡലമാണ് ആറന്മുള. പേരുകേട്ട വള്ളംകളിയുടെ ഗരിമ പേരുന്ന ഗ്രാമങ്ങൾ. ഇത്തവണ 2,36, 632 വോട്ടർമാർ ആറന്മുളയിലുണ്ട്. ഇവരിൽ 1,24,531 സ്ത്രീകളും 1,12,100 പുരുഷൻമാരും ആറന്മുളയിൽ വോട്ടവകാശം വിനിയോഗിക്കാനുണ്ടാകും. സ്ത്രീ വോട്ടര്‍മാരും പുരുഷ വോട്ടര്‍മാരും കൂടുതലുള്ളത് ആറന്മുളയിലാണ്. വിസ്തൃതിയിലും എണ്ണത്തിലും മുന്നിലെത്തിയതിനൊപ്പം ആറന്മുളയുടെ നിലപാടുകൾക്കും പ്രസക്തിയേറി.മണ്ഡല പുനർവിഭജനശേഷം ആദ്യ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതിയ മണ്ഡലം ലോക്സഭ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനെയാണ് പിന്തുണക്കാറുള്ളത്. എന്നാൽ 2016, 2021 നിയമസഭ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിനോടാണ് ആറന്മുള വിധേയത്വം കാട്ടിയത്.പത്തനംതിട്ട, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ലോക്സഭ മണ്ഡലത്തിന്റെ ആസ്ഥാനമാണ് പത്തനംതിട്ട ഉൾപ്പെടുന്ന ആറന്മുള മണ്ഡലം. സ്ഥാനാർഥികൾ ഒരുദിവസംകൊണ്ട് ആറന്മുള മണ്ഡല പര്യടനം പൂർത്തിയാക്കാറില്ല. മുന്നണി സ്ഥാനാർഥികൾ മൂവർക്കും ഏറെ പ്രതീക്ഷയുള്ള മണ്ഡലം കൂടിയാണ് ആറന്മുള. പ്രചാരണ വിഷയങ്ങളിലും വൈവിധ്യങ്ങളുണ്ടായി. രാഷ്ട്രീയപരമായ സ്വാധീനം ഉപയോഗപ്പെടുത്താനാണ് മുന്നണി സ്ഥാനാർഥികളും പ്രവർത്തകരും ശ്രമിക്കുന്നത്.