ആംനസ്റ്റി പദ്ധതി 2024' - പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു
ജി.എസ്.ടി നിലവിൽ വരുന്നതിന് മുൻപുണ്ടായിരുന്ന നികുതി നിയമങ്ങൾ പ്രകാരമുള്ള കുടിശ്ശികകൾ തീർപ്പാക്കുന്നതിനായി 2024 ലെ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയാണ് ആംനസ്റ്റി പദ്ധതി 2024.
 
                                    തിരുവനന്തപുരം : കേരള മൂല്യ വർധിത നികുതി നിയമം, കേരള പൊതുവില്പന നികുതി നിയമം, കേരള നികുതിയിന്മേലുള്ള സർചാർജ് നിയമം, കേരള കാർഷിക ആദായ നികുതി നിയമം, കേരള ആഡംബര നികുതി നിയമം, കേന്ദ്ര വില്പന നികുതി നിയമം എന്നീ മുൻകാല നിയമങ്ങളോടനുബന്ധിച്ചുള്ള നികുതി കുടിശ്ശികകൾ തീർപ്പാക്കുന്നതിനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ ലഭ്യമായിരിക്കുന്നത്. ഈ പദ്ധതി 2024 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പദ്ധതി അനുസരിച്ചുള്ള പൂർണ്ണമായ ആനുകൂല്യം ലഭിക്കുന്നതിനുള്ള കാലപരിധി സെപ്റ്റംബർ 29 നു അവസാനിച്ചു. ആംനസ്റ്റി പദ്ധതി പ്രകാരം 2024 സെപ്റ്റംബർ 30 മുതൽ ലഭ്യമാകുന്ന പുതുക്കിയ ആനുകൂല്യങ്ങൾ സർക്കാർ വിജ്ഞാപനം എസ്.ആർ.ഒ നമ്പർ 873/2024 തീയതി 28/09/2024 പ്രകാരം പ്രഖ്യാപിച്ചിട്ടുണ്ട്. പുതുക്കിയ ആനുകൂല്യങ്ങൾ ചുവടെ ചേർക്കുന്നു.അൻപതിനായിരം രൂപവരെയുള്ള നികുതി കുടിശ്ശികകളെ അവയുടെ പിഴയും പലിശയുമടക്കം പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
2024 സെപ്റ്റംബർ 30 മുതൽ 2024 ഒക്ടോബർ 31 വരെ ആംനസ്റ്റി പദ്ധതി പ്രകാരം പുതിയ അപേക്ഷ സമർപ്പിക്കുന്നവർക്ക് അൻപതിനായിരം രൂപയ്ക്ക് മുകളിൽ പത്തു ലക്ഷം രൂപ വരെ നികുതി തുകയുള്ള കുടിശ്ശികകൾക്ക് നികുതി തുകയുടെ 32 ശതമാനം ഒടുക്കി തീർപ്പാക്കാവുന്നതാണ്. പത്തുലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ നികുതി തുകയുള്ള കുടിശ്ശികകൾ താഴെ പറയുന്ന രണ്ട് വിധങ്ങളിൽ തീർപ്പാക്കാവുന്നതാണ്. അപ്പീലിലുള്ള (നിയമ വ്യവഹാരത്തിലുള്ള) കുടിശ്ശികകൾക്ക് നികുതി തുകയുടെ 42 ശതമാനവും അപ്പീലിൽ ഇല്ലാത്ത (നിയമ വ്യവഹാരമില്ലാത്ത) കുടിശ്ശികകൾ നികുതി തുകയുടെ 52 ശതമാനവും.
ഒരു കോടി രൂപയിൽ അധികം നികുതി തുകയുള്ള കുടിശ്ശികകൾ താഴെ പറയുന്ന രണ്ട് വിധങ്ങളിൽ തീർപ്പാക്കാവുന്നതാണ്. അപ്പീലിലുള്ള കുടിശ്ശികകൾ (നിയമ വ്യവഹാരത്തിലുള്ള) നികുതി തുകയുടെ 72 ശതമാനവും അപ്പീലിൽ ഇല്ലാത്ത (നിയമ വ്യവഹാരമില്ലാത്ത) കുടിശ്ശികകൾ നികുതി തുകയുടെ 82 ശതമാനവും.
ഫിനാൻസ് ആക്ടിലെ വകുപ്പ് 9 (3) അനുസരിച്ചുള്ള അപേക്ഷയിന്മേൽ മോഡിഫൈഡ് ഉത്തരവുകൾ പുറപ്പെടുവിച്ചു 60 മുതൽ 120 ദിവസത്തിനകം പേയ്‌മെന്റ് നടത്തുന്നവർക്കും വകുപ്പ് 10 (2) അനുസരിച്ച് ഷോർട് നോട്ടീസ് ലഭിച്ച് 60 മുതൽ 120 ദിവസത്തിനകം പേയ്‌മെന്റ് നടത്തുന്നവർക്കും മേൽ നിരക്കുകൾ ബാധകമാണ്.
2024 നവംബർ 1 മുതൽ 2024 നവംബർ 30 വരെ ആംനസ്റ്റി പദ്ധതി പ്രകാരം പുതിയ അപേക്ഷ സമർപ്പിക്കുന്നവർക്കും ഷോർട് നോട്ടീസ് ലഭിച്ച് 120 മുതൽ 180 ദിവസത്തിനകം പേയ്‌മെന്റ് നടത്തുന്നവർക്കും മേൽപറഞ്ഞ നിരക്കുകളിൽ നിന്നും 2 ശതമാനം വർദ്ധനവ് ഉണ്ടാകുന്നതാണ്. കൂടാതെ, 2024 ഡിസംബർ 1 മുതൽ 2024 ഡിസംബർ 31 വരെ ആംനസ്റ്റി പദ്ധതി പ്രകാരം പുതിയ അപേക്ഷ സമർപ്പിക്കുന്നവർക്കും ഷോർട് നോട്ടീസ് ലഭിച്ച് 180 ദിവസത്തിന് ശേഷം പേയ്‌മെന്റ് നടത്തുന്നവർക്കും മേൽപറഞ്ഞ നിരക്കുകളിൽ വീണ്ടും 2 ശതമാനം വർദ്ധനവ് ഉണ്ടാകുന്നതാണ്.
പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി 2024 ഡിസംബർ 31 ആയിരിക്കും. പദ്ധതി പ്രകാരം ബാധകമാകുന്ന നിരക്കിലുള്ള തുക ഇ-ട്രഷറി പോർട്ടലായ www.etreasury.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അടച്ചതിനു ശേഷം അപ്രകാരം അടച്ചതിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള അപേക്ഷ വകുപ്പിന്റെ വെബ്‌സൈറ്റായ www.keralataxes.gov.in വഴി സമർപ്പിക്കേണ്ടതാണ്.
ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralataxes.gov.in സന്ദർശിക്കുക അല്ലെങ്കിൽ സർക്കാർ വിജ്ഞാപനം എസ്.ആർ.ഒ നമ്പർ 873/2024 തീയതി 28/09/2024 കാണുക.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            