ആഗസ്റ്റ് 31 ന് കീഴൂർ കടപ്പുറം അഴിമുഖത്ത് കാണാതായ കളനാട് ചെമ്മനാട് മുഹമ്മദ് റിയാസിൻറെ മൃതദേഹം തൃശൂരിനടുത്ത് കടലിൽ കണ്ടെത്തി.
ആഗസ്റ്റ് 31 ന് കീഴൂർ കടപ്പുറം അഴിമുഖത്ത് ചൂണ്ട ഇടുന്നതിനിടെ കാണാതായ കളനാട് ചെമ്മനാട് കല്ലുവളപ്പിൽ വീട്ടിൽ മുഹമ്മദ് റിയാസിൻറെ (36) മൃതദേഹം തൃശൂരിനടുത്ത് കടലിൽ കണ്ടെത്തി. വിവരം ലഭിച്ച ഉടനെ ബന്ധുക്കൾ ഇവിടെയെത്തി മൃതദേഹം മുഹമ്മദ് റിയാസിന്റെത് തന്നെയാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം പെട്ടന്ന് പോസ്റ്റുമോർട്ടം ചെയ്തു ലഭിക്കാൻ അടിയന്തരമായി എംപി രാജ്‌മോഹൻ ഉണ്ണിത്താൻ അടക്കമുള്ളവർ ഇടപെടൽ നടത്തി. നടപടികൾ പൂർത്തിയാക്കി ഇന്ന് തന്നെ അദ്ദേഹത്തിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. കൊടുങ്ങല്ലൂർ അഴിക്കോട് കടലിൽ ഇന്ന് രാവിലെയാണ് മൃതദേഹം കാണുന്നത്. ഇവിടെ കരക്കെത്തിച്ച മൃതദേഹം ആദ്യം തിരിച്ചറിഞ്ഞില്ല. മുഹമ്മദ് റിയാസ് ധരിച്ച വസ്ത്രത്തിന് സമാനമായ വസ്ത്രം മൃതദേഹത്തിലുള്ള തിനാൽ വിവരം ചെമ്മനാട്ടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ബന്ധുക്കൾ കൊടുങ്ങല്ലൂരിലെത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കും കഴിഞ്ഞ 10 ദിവസങ്ങളായി മുഹമ്മദ് റിയാസിനെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള കഠിനപ്രയത്നത്തിൽ ആയിരുന്നു ജില്ലയിലെ ജനപ്രതിനിധികളും ജില്ലാ കളക്ടർ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥവൃന്ദങ്ങളും, മുഹമ്മദ് റിയാസിന്റെ നാട്ടുകാരും. വിവിധ സംഘങ്ങളായി തിരിഞ്ഞ് കഴിഞ്ഞ 10 ദിവസവും കീഴൂർ കടപ്പുറം മുതൽ കോഴിക്കോട് കടപ്പുറം വരെ അദ്ദേഹത്തിന്റെ മൃതശരീരം കണ്ടെത്താൻ വേണ്ടി അക്ഷീണപ്രയത്നം മത്സ്യ തൊഴിലാളികളും , നാട്ടുകാരും നടത്തിയിരുന്നു