തിരുവനന്തപുരം :കേരള സമൂഹത്തിൽ ഒഴിച്ചുകൂടാനാകാത്ത സ്ഥാനവുമായാണ് 22 വർഷങ്ങൾ അക്ഷയ പ്രസ്ഥാനം പിന്നിടുന്നത് .സമൂഹത്തിന്റെ സേവന മേഖലയിൽ ഇന്ന് ഒരു വിപ്ലവം തന്നെയാണ് അക്ഷയ സംരംഭകർ സൃഷ്ടിച്ചിരിക്കുന്നത് .വിശ്വാസത്തിന്റെ കരുതലിന്റെ സുരക്ഷിതത്വത്തിന്റെ അവസാനവാക്കാണ് സാധാരണജനത്തിന് സംസ്ഥാനമങ്ങോളമുള്ള അക്ഷയ സംരംഭങ്ങൾ .സാമൂഹ്യ സേവന പെൻഷൻ മസ്റ്ററിംഗ് മുതൽ ,ലൈഫ് പദ്ധതി വീടുകളുടെ അപേക്ഷകൾ മുതൽ സർക്കാരിന്റെ 83 ൽ പരം ഓൺലൈൻ സേവനങ്ങൾ അക്ഷയ വഴി പൊതുസമൂഹത്തിന് നൽകി വരുന്നു .
ആധാർ സേവനങ്ങൾ ഏറ്റവും മികച്ച ഗുണനിലവാരത്തോടെ അഴിമതി രഹിതമായി ചെയ്യുന്നത് കേരളത്തിലെ ആധാർ എൻറോൾമെൻറ് സെന്ററുകളാണ് എന്നത് അക്ഷയ പ്രസ്ഥാനത്തിന്റെ പ്രസക്തി എടുത്തുകാണിക്കുന്നു .ഇലക്ഷൻ കമ്മിഷൻ വെബ്ക്യാസ്റ്റിംഗ് ഉൾപ്പെടയുള്ള തന്ത്രപ്രധാന കാര്യങ്ങൾ ചെയ്യുമ്പോൾ ആദ്യം പരിഗണിക്കുന്നതും അക്ഷയ സെന്ററുകളായാണെന്നത് ഓർക്കേണ്ടതുണ്ട് .
23 ആം വർഷത്തിലേക്ക് കടക്കുമ്പോൾ അക്ഷയ പ്രസ്ഥാനത്തിന്റെ ഉദ്‌ഘാടകനായ യശശ്ശരീരനായ ഭാരതത്തിന്റെ മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾകലാം പറഞ്ഞതുപോലെ "സ്വപ്നം, സ്വപ്നം, സ്വപ്നം, സ്വപ്നങ്ങൾ ചിന്തകളായി രൂപാന്തരപ്പെടുന്നു, ചിന്തകൾ പ്രവർത്തനത്തിൽ കലാശിക്കുന്നു" "ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം, ഉറങ്ങാൻ അനുവദിക്കാത്തതാണ്""നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് മുമ്പ് നിങ്ങൾ സ്വപ്നം കാണണം". അതെ 22 വർഷമായി അക്ഷയ സംരംഭകർ സ്വപ്‍നം കണ്ടു മടുത്തിരിക്കുകയാണ് .സർക്കാർ കനിയുമെന്ന് കരുതി കാത്തിരിക്കുകയാണ് .ആരംഭിച്ചപ്പോൾ ഉണ്ടായ സേവനനിരക്കുകളിൽ രണ്ടുപ്രാവശ്യം മാത്രമാണ് വർദ്ധനവ് വരുത്തിയത് .പുതിയ സേവനനിരക്കിന് അംഗീകാരം ലഭിക്കുവാൻ സംരംഭകർ നിരവധി സമരങ്ങൾ നടത്തിയിട്ടും ചുവപ്പുനാടയിൽ കുരിങ്ങിക്കിടക്കുകയാണ് വർദ്ധനവ് .
അക്ഷയ പ്രസ്ഥാനത്തെ കമ്പനിയായോ ,സൊസൈറ്റിയായോ മാറ്റി അക്ഷയ സംരംഭകർക്കും ജീവനക്കാർക്കും കരുത്താകണം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട് .നൂറുകണക്കിന് സേവനങ്ങൾ പൊതുജനത്തിന് നൽകുന്ന അക്ഷയ സംരംഭകൻ വേണം ജീവനക്കാർക്കുള്ള വേതനവും അക്ഷയയിലെ ഇതര സൗകര്യങ്ങളും ഒരുക്കേണ്ടതും .ഇന്നത്തെ സേവനനിരക്കുകൾ കൊണ്ട് ഇവ അപ്രായോഗികമാണ് .സമസ്തമേഖലയിലും ഉണ്ടായിരിക്കുന്ന വിലവർദ്ധനവ് യഥാർത്ഥത്തിൽ അക്ഷയ സംരംഭകരെ ഇല്ലാതാക്കുകയാണ് . നിലവിലുള്ള സേവനനിരക്കുകൾ വാങ്ങിക്കൊണ്ട് അക്ഷയ നടത്തിക്കൊണ്ടുപോകുക പ്രയാസകരമാണെന്ന് സംരംഭകർ പറയുന്നു .
2800 ഓളം വരുന്ന അക്ഷയ കേന്ദ്രങ്ങൾ കേരളത്തിന്റെ ഡിജിറ്റൽ വിപ്ലവത്തിൽ മുഖ്യപങ്കാണ് വഹിച്ചത് ,ഇപ്പോഴും വഹിച്ചുകൊണ്ടിരിക്കുന്നതും .പുതിയ നൂതനമായ പ്രൊജെക്ടുകൾ അക്ഷയ വഴി നടപ്പിലാക്കി, ഓരോ ഗ്രാമത്തിന്റെയും ഡിജിറ്റൽ ഹബ്ബുകളാക്കി അക്ഷയ കേന്ദ്രങ്ങളെ മാറ്റിയെടുക്കേണ്ടതുണ്ട് .അതിന് അക്ഷയ സംരംഭകരെ സഹകരിപ്പിച്ചു സർക്കാർ തലത്തിൽ സ്റ്റാർട്ടപ്പുകൾ രൂപീകരിച്ചുകൊണ്ട് മാറ്റത്തിന് ഐ ടി മിഷൻ തയ്യാറാകണം .ഓരോ പഞ്ചായത്തുകളിളെയും അക്ഷയ കേന്ദ്രങ്ങളുടെ നെത്ര്വതത്തിൽ ഐ ടി സ്റ്റാർട്ടപ്പുകൾ രൂപികരിച്ചു കൂടുതൽ യുവജനങ്ങൾക്ക് തൊഴിലവസരവും മികച്ച വരുമാനവും ഉറപ്പു വരുത്തണം .അതുവഴി വിദേശ രാജ്യങ്ങളിലേക്ക് ഉള്ള നമ്മുടെ യുവജനങ്ങളുടെ കുടിയേറ്റത്തിന് തടയിടാനും കൂടുതൽ തൊഴിലവസരങ്ങൾ പിറന്ന നാട്ടിൽ തന്നെ നൽകാനും സർക്കാരിന് സാധിക്കും .
23 ആം വർഷത്തിലേക്ക് കടക്കുമ്പോൾ അക്ഷയ സംരംഭകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ,ജൂബിലി വർഷമെത്തുന്നതോടെ അക്ഷയ കൂടുതൽ കരുത്തോടെ സമൂഹത്തിന്റെ മുഖ്യധാരയിൽ സേവനനിരതരായി പ്രവർത്തിക്കുവാൻ സർക്കാർ ഒരു മാർഗം കാണിച്ചു തരുമെന്നതിൽ .സമസ്തമേഖലകളിലും വികസന കാഴ്ചപ്പാടോടെ അന്താരാഷ്ട്ര നിലവാരത്തിൽ ചിന്തിക്കുന്ന സർക്കാർ അക്ഷയ പ്രസ്ഥാനത്തേയും അത്തരത്തിലുള്ള സർവീസ് -ഐ ടി ഹബ്ബായി മാറ്റുമെന്ന് തന്നെയാണ് അക്ഷയ സംരംഭകരും കരുതുന്നത് .