അക്കരപ്പാടം പാലം ഉദ്ഘാടനം 22ന്
* പൊതുമരാമത്ത് ടൂറിസം വകുപ്പ്മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും

കോട്ടയം: സംസ്ഥാന സർക്കാർ കിഫ്ബി വഴി 16.89 കോടി രൂപയാണ് ചെലവഴിച്ചു നിർമാണം പൂർത്തിയാക്കിയ വൈക്കം അക്കരപ്പാടം പാലം ജൂലൈ 22 (ചൊവ്വാഴ്ച) രാവിലെ 10ന്് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. അക്കരപ്പാടം ഗവ.യു.പി.സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും.
150 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചിരിക്കുന്നത്. 30 മീറ്റർ നീളമുള്ള അഞ്ച് സ്പാനോടുകൂടി നിർമിച്ച പാലത്തിന്റെ ഇരുകരകളിലുമായി 45 മീറ്റർ നീളത്തിലുളള അപ്രോച്ച് റോഡും നിർമിച്ചിട്ടുണ്ട്. അപ്രോച്ച് റോഡിന്റെ നിർമാണത്തിനായി 29.77 സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്.
വർഷങ്ങളായി അക്കരപ്പാടം നിവാസികൾ പുഴ കടക്കാൻ കടത്തുവള്ളത്തെ ആശ്രയിച്ചും ചെമ്മനാകരി, ടോൾ എന്നിവിടങ്ങളിലൂടെ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയുമാണ് പ്രധാന പാതയിലേക്ക് എത്തിയിരുന്നത്. പാലം വരുന്നതോടെ അക്കരപ്പാടത്തുനിന്ന് നാനാടം വഴി വൈക്കത്തേക്ക് എളുപ്പത്തിലെത്താം. പതിറ്റാണ്ടുകളായുള്ള അക്കരപ്പാടം നിവാസികളുടെ യാത്രാദുരിതത്തിനാണ്് അറുതിയാവുന്നത്.
ചടങ്ങിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി, ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. സലില, ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സി.പി. അനൂപ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗോപിനാഥൻ കുന്നത്ത്, ഒ.എം. ഉദയപ്പൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഗിരിജ പുഷ്‌കരൻ, ടി. പ്രസാദ്, ടി.പി. രാജലക്ഷ്മി, എക്സിക്യൂട്ടീവ് എൻജിനീയർ ബി. ദീപ, പാലം നിർമാണ കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി, പാലം നിർമാണ കമ്മിറ്റി സെക്രട്ടറി എ.പി. നന്ദകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. ശശിധരൻ, സാബു പി. മണലൊടി, അഡ്വ.കെ.പി. ശിവജി, ലൂക്ക് മാത്യു, സുബൈർ പുളിന്തുരുത്തി, പി. അമ്മിണിക്കുട്ടൻ, സിറിയക്, എം.കെ. രവീന്ദ്രൻ, റഷീദ്, രാജു, ബി. ശശിധരൻ, കെ.എസ്. മാഹിൻ, പോൾസൺ ജോസഫ് എന്നിവർ പങ്കെടുക്കും.