അധ്യാപകര്‍ക്കായി എ.ഐ പരിശീലനം തുടങ്ങി
ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ എട്ട് ബാച്ചുകളിലായാണ് പരിശീലനം
മലപ്പുറം : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം ആരംഭിച്ചു. ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ എട്ട് ബാച്ചുകളിലായാണ് പരിശീലനം. എട്ടു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന11,000 അധ്യാപകര്‍ക്കാണ് ആഗസ്റ്റ് മാസം വരെ നീണ്ടു നല്‍ക്കുന്ന പരിശീലനം നല്‍കുന്നത്. അക്കാദമിക മൂല്യം ചോര്‍ന്നു പോകാതെയും ഉത്തരവാദിത്വത്തോടെയും നിര്‍മിതബുദ്ധി ക്ലാസ് മുറികളില്‍ പ്രയോജനപ്പെടുത്തുന്നതില്‍ അധ്യാപകരുടെ പങ്ക് ഏറെ വര്‍ദ്ധിച്ചിരിക്കുക യാണെന്ന് ആമുഖ പ്രഭാഷണം നടത്തിക്കൊണ്ട് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് പറഞ്ഞു.
ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണും ഉപയോഗിച്ചാണ് 25 പേരടങ്ങുന്ന വിവിധ ബാച്ചുകളിലായി അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്. എ.ഐ. ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ സ്വകാര്യത ഉറപ്പാക്കാന്‍ കൈറ്റ് നല്‍കിയ
ജി-സ്യൂട്ട് അക്കൗണ്ടുകള്‍ ഉപയോഗിക്കും. സ്ഥിരമായി കുറച്ച് എ.ഐ. ടൂളുകള്‍ മാത്രം ഉപയോഗിക്കുന്നതിന് പകരം കൈറ്റിന്റെ വിദഗ്ധ സമിതി പരിശോധിച്ച് നിര്‍ദേശിക്കുന്ന എ.ഐ. ടൂുളുകളായിരിക്കും അതത് സമയങ്ങളില്‍ പരിശീലനത്തിന് ഉപയോഗിക്കുന്നത്. ഓരോ കുട്ടിക്കും അനുയോജ്യമായ വിധത്തില്‍ പഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും റിസോഴ്‌സുകള്‍ ഭിന്നശേഷി സൗഹൃദമായി പരുവപ്പെടുത്തുന്നതിനും പരിശീലനം വഴി അധ്യാപകര്‍ക്ക് അവസരം നല്‍കും. മെയ് മാസത്തില്‍ കൂടുതലും ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്കായിരിക്കും പരിശീലനം.
ഇതിന് കൈറ്റ് വെബ്‌സൈറ്റിലെ ട്രെയിനിംഗ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം. സെപ്റ്റംബര്‍-ഡിസംബര്‍ മാസങ്ങളിലായി പ്രൈമറി അധ്യാപകര്‍ക്കും പരിശീലനം നല്‍കും.