കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
സർക്കാർ, എയ്ഡഡ് സ്കൂളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ചവരും പരീക്ഷ ആദ്യ അവസരത്തിൽ പാസായവരുമായ വിദ്യാർഥികളായിരിക്കണം
 
                                    തിരുവനന്തപുരം : കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2023-24 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
സർക്കാർ, എയ്ഡഡ് സ്കൂളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ചവരും പരീക്ഷ ആദ്യ അവസരത്തിൽ പാസായവരുമായ വിദ്യാർഥികളായിരിക്കണം. 2023-24 വർഷത്തെ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 75 ശതമാനവും അതിൽ കൂടുതലും എസ്.സി / എസ്.റ്റി വിഭാഗത്തിൽപ്പെട്ടവർക്ക് 70 ശതമാനവും നേടിയവരും ഹയർ സെക്കൻഡറി വി.എച്ച്.എസ്.സി അവസാന വർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരും എസ്.സി. / എസ്.റ്റി വിഭാഗത്തിൽപ്പെട്ടവർക്ക് 80 ശതമാനം നേടിയവരുമായ വിദ്യാർഥികളാണ് അപേക്ഷിക്കേണ്ടത്.
കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ജൂലൈ 31 ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. അപേക്ഷകൾ യൂണിയൻ പ്രതിനിധികൾ മുഖേനയാണ് സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, (അപേക്ഷ നൽകുമ്പോൾ ഡിജി ലോക്കർ സർട്ടിഫിക്കറ്റ് ആദ്യഘട്ടത്തിൽ നൽകുക, സർട്ടിഫിക്കറ്റ് കിട്ടുന്ന മുറയ്ക്ക് ആയത് ഹാജരാക്കുക) സ്കൂളിൽ നിന്നും ലഭിക്കുന്ന ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, അംഗത്തിന്റെ ആധാർ കാർഡിന്റെ പകർപ്പ്, അംഗത്തിന്റെ ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് (ജോയിന്റ് അക്കൗണ്ട് സ്വീകാര്യമല്ല), റേഷൻ കാർഡിന്റെ പകർപ്പ്, കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം, എസ്.സി / എസ്.റ്റി വിഭാഗങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ് അപേക്ഷയിലോ രജിസ്ട്രേഷൻ രേഖയിലോ പേര്, വിലാസം എന്നിവയിൽ വ്യത്യാസമുണ്ടെങ്കിൽ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ് എന്നിവയും സമർപ്പിക്കണം.
പരീക്ഷാ തീയതിക്ക് തൊട്ടു മുമ്പുള്ള മാസത്തിൽ അംഗം 12 മാസത്തെ അംഗത്വം പൂർത്തീകരിച്ചിരിക്കണം. പരീക്ഷാ തീയതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശിക ഉണ്ടാകാൻ പാടില്ല. കുടിശിക നിവാരണം വഴി അംഗത്വം പുനഃസ്ഥാപിച്ചു അംഗങ്ങൾക്ക് കുടിശിക കാലഘട്ടത്തിൽ നടന്ന പരീക്ഷയിൽ ആനുകൂല്യം ലഭ്യമല്ല. അപേക്ഷാ ഫോം www.agriworkersfund.org യിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 – 2729175, 8075649049.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            