അട്ടപ്പാടിയിൽ ഫെബ്രുവരി 17, 18 തീയതികളിൽ തൊഴിൽമേള സംഘടിപ്പിക്കും
പട്ടികവർഗ വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും
![അട്ടപ്പാടിയിൽ ഫെബ്രുവരി 17, 18 തീയതികളിൽ തൊഴിൽമേള സംഘടിപ്പിക്കും](https://akshayanewskerala.in/uploads/images/202404/image_870x_662796bf53952.jpg)
പാലക്കാട് : കേരള നോളെജ് ഇക്കോണമി മിഷന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ അട്ടപ്പാടിയിൽ ഫെബ്രുവരി 17, 18 തീയതികളിൽ പ്രത്യേക തൊഴിൽമേള സംഘടിപ്പിക്കും. പട്ടികവർഗ വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് തൊഴിൽമേളയിൽ മുൻഗണനയുണ്ട്. അട്ടപ്പാടി ഏരിയസ് പോളിടെക്‌നിക് കോളേജിൽ വെച്ച് നടക്കുന്ന തൊഴിൽ മേളയിൽ കേരളത്തിനകത്തും പുറത്തുമായുള്ള 35ഓളം പ്രമുഖ സ്ഥാപനങ്ങളാണ് തൊഴിലവസരങ്ങൾ ഒരുക്കുന്നത്. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണിവരെ തൊഴിൽ മേളയിൽ പങ്കെടുക്കാം.
പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെയും അട്ടപ്പാടി പട്ടികവർഗ്ഗ സ്‌പെഷ്യൽ പ്രോജക്ടിന്റെയും ഭാഗമായുംകേരള നോളജ് ഇക്കോണമി മിഷന്റെ ഗോത്ര വർഗ തൊഴിലന്വേഷകർക്കായുള്ള ഒപ്പറ പദ്ധതിയുടെ ഭാഗമായുമാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. ബിടെക്, ഡിഗ്രി, ഡിപ്ലോമ, ഐടിഐ, പ്ലസ് ടു തുടങ്ങിയ വിദ്യാഭ്യാസയോഗ്യതയുള്ളവർക്ക് മേളയിൽ പങ്കെടുക്കാം. തൊഴിൽ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അവസരങ്ങൾ ഒരുക്കിയിരിക്കുന്നു. 2,666 ഇന്റേൺഷിപ്പ്, അപ്രന്റിസ്ഷിപ്പ് അവസരങ്ങളും ഉണ്ടായിരിക്കും. നോളെജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആയ ഡി.ഡബ്ല്യു.എം.എസിൽ തൊഴിൽ അന്വേഷകർക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ സംവിധാനം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് 9746132649, 8136828455 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.