തൃശൂർ പെരിഞ്ഞനത്ത് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പെരിഞ്ഞനം പൊൻമാനിക്കുടം സ്വദേശി നുസൈബ ആണ് ഇന്നു പുലർച്ചെ മരിച്ചത്
തൃശൂർ : പെരിഞ്ഞനത്ത് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പെരിഞ്ഞനം പൊൻമാനിക്കുടം സ്വദേശി നുസൈബ ആണ് ഇന്നു പുലർച്ചെ മരിച്ചത്. 180 ഓളം പേർക്കാണ് പെരിഞ്ഞനം സെയിൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഭക്ഷ്യ വിഷബാധയേറ്റത്.
പെരിഞ്ഞനം പൊൻമാനിക്കുടം സ്വദേശി രായംമരക്കാർ വീട്ടിൽ ഹസ്ബുവിൻ്റെ ഭാര്യ 56 വയസുള്ള നുസൈബയാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ മൂന്നു മണിയോടെ മരിച്ചത്. ശനിയാഴ്ച രാത്രിയാണ് പെരിഞ്ഞനത്തുള്ള സെയിൻ ഹോട്ടലിൽ നിന്നും പാർസൽ വാങ്ങിയ ഭക്ഷണം ഇവർ വീട്ടിൽ വെച്ച് കഴിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. വീട്ടിലുള്ള മറ്റ് മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിൽ ആണ്.
ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട നുസൈബയെ ആദ്യം പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി മോശമായതിനെ തുടർന്ന് ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിലേക്കും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു, 178 പേരാണ് ഭക്ഷ്യ വിഷബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. സംഭവം റിപ്പോർട്ടു ചെയ്യപ്പെട്ടതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത് അധികൃതരും, ആരോഗ്യ വകുപ്പ്, ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ചേർന്ന് ഞായറാഴ്ച തന്നെ പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചിരുന്നു.തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള വിദഗ്ധ സംഘം തിങ്കളാഴ്ച ഹോട്ടലിൽ എത്തി തെളിവുകൾ ശേഖരിച്ചു. ഹോട്ടൽ നടത്തിപ്പുകാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇത് സംബന്ധിച്ച് കയ്പമംഗലം പൊലീസിലും, പെരിഞ്ഞനം പഞ്ചായത്തിലും റിപ്പോർട്ട് നൽകിയിട്ടുണ്ട്. കുഴിമന്തിക്കൊപ്പം നൽകിയ മയോണൈസ് ആണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം