വടശേരിക്കര മുൻ വില്ലേജ് ഓഫീസറെ കൈക്കൂലിക്കേസിൽ കഠിനതടവിന് ശിക്ഷിച്ചു

പത്തനംതിട്ട: വടശേരിക്കര വില്ലേജ് ഓഫീസറായിരുന്ന ഇ.വി. സോമനെ കൈക്കൂലിക്കേസിൽ വിജിലൻസ് കോടതി കഠിനതടവിനു ശിക്ഷിച്ചു. വസ്തു പോക്കുവരവ് ചെയ്യുന്നതിന് 1,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി മൂന്ന് വർഷം കഠിന തടവിനും 15000 രൂപ രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.
2011 ജനുവരി ഏഴിനു വടശേരിക്കര വില്ലേജ് ഓഫീസറായിരുന്ന ഇ.വി. സോമൻ, പത്തനംതിട്ട സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള ഒന്നേകാൽ ഏക്കർ വസ്തു മകളുടെ പേരിലേക്കു പോക്കുവരവ് ചെയ്തു നൽകുന്നതിലേക്ക് 1,000 രൂപ കൈക്കൂലി ചോദിച്ചുവാങ്ങവെ പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ആയിരുന്ന ബേബി ചാൾസ് പിടികൂടി രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.
രണ്ടു വകുപ്പുകളിലായി മൂന്നു വർഷം കഠിനതടവിനും 15,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് വിധി. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു.
പത്തനംതിട്ട വിജിലൻസ് യൂണിറ്റ് മുൻ ഡിവൈഎസ്പി യായിരുന്ന പി.കെ. ജഗദീഷാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.