വ്യാജരേഖകൾ; അതും മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പേരിൽ,ഒരാൾ അറസ്റ്റിൽ
പട്ടാമ്പി: മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പേരിൽ വ്യാജരേഖകൾ ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കുലുക്കല്ലൂർ മുളയൻകാവ് സ്വദേശിയായ ആനന്ദിനെയാണ് പട്ടാമ്പി പൊലീസ് അറസറ്റ് ചെയ്തത്.ബിസിനസ് ആവശ്യത്തിനാണ് എന്നുപറഞ്ഞ് മുതുതല സ്വദേശിയായ കിഷോർ എന്നയാളിൽ നിന്നും ആനന്ദ് പലതവണകളായി 63 ലക്ഷം രൂപ വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ചപ്പോൾ സർക്കാരിൽ നിന്നും തനിക്ക് 64 കോടി രൂപ ലഭിക്കാൻ ഉണ്ടെന്നും മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ടതായുള്ള വ്യാജ രേഖകൾ ഉണ്ടാക്കി കാണിച്ചു കൊടുക്കുകയും ചെയ്തു എന്നാണ് പരാതി. ഇക്കാര്യങ്ങൾ വേഗത്തിലാക്കുന്നതിനു വേണ്ടി പൊതുമരാമത്ത് മന്ത്രിക്ക് പേടിഎം വഴി 98,000 രൂപ അയച്ചു കൊടുത്തിട്ടുണ്ടെന്നും കിഷോറിനെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു.എന്നാൽ പിന്നീട് ഇക്കാര്യത്തിൽ സംശയം തോന്നിയ കിഷോർ പട്ടാമ്പി പോലീസ് പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു. സൈബർ വിദഗ്ധരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ വീട് പോലീസ് റെയ്ഡ് ചെയ്യുകയും വ്യാജരേഖ നിർമ്മിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും മറ്റു തെളിവുകളും കണ്ടെടുത്തു. പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻ ചെയ്തു. ആനന്ദ് നിരവധി ആളുകളെ വഞ്ചിച്ചു തട്ടിപ്പ് നടത്തിയതിന്റെ വിവരങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്.