ആറന്മുള വള്ളസദ്യ നാളെമുതല്‍; ഇന്ന് അഗ്നിപകരും
ആറന്മുള: പാര്‍ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യകളുടെ ആരംഭംകുറിച്ചുകൊണ്ട് പാചകപ്പുരയിലെ അടുപ്പില്‍ അഗ്നിപകരുന്ന ചടങ്ങ് ഇന്നു രാവിലെ എട്ടിനും 8.40നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. ക്ഷേത്ര ശ്രീകോവിലില്‍ നിന്നും കൊളുത്തുന്ന ഭദ്രദീപം ഊട്ടുപുരയില്‍ എത്തിച്ച് പള്ളിയോട സേവാസംഘം പ്രസിഡന്റ് നിലവിളക്കു കത്തിക്കുകയും തുടര്‍ന്ന് മുതിര്‍ന്ന പാചകക്കാരന് അടുപ്പിലേക്ക് അഗ്നി പകരുകയും ചെയ്യും.നാളെ ആരംഭിക്കുന്ന വള്ളസദ്യ വഴിപാട് ഒക്ടോബര്‍ രണ്ടുവരെ നീളും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഭക്തജനങ്ങളുടെയും സഹകരണത്തിലാണ് പള്ളിയോട സേവാസംഘം വള്ളസദ്യ ക്രമീകരിക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ചിട്ടുള്ള നിര്‍വഹണ സമിതി യാണ് വള്ളസദ്യകള്‍ക്ക് നേതൃത്വം നല്‍കുന്നത്.പള്ളിയോട സേവാസംഘം പ്രസിഡന്റ്, സെക്രട്ടറി, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ , അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്, ഭക്തജന പ്രതിനിധികളായ ഡോ. കെ.ജി. ശശിധരന് പിള്ള (കോഴഞ്ചേരി ), രവീന്ദ്രനായര്‍ (മാലക്കര) എന്നിവരാണ് ഇക്കൊല്ലത്തെ നിര്‍വഹണ സമിതി അംഗങ്ങള്‍.ക്ഷേത്രത്തില്‍ പത്തുവള്ളസദ്യകളും സമീപത്തുള്ള സദ്യാലയങ്ങളിലായി അഞ്ചു വള്ളസദ്യകളും നടത്തുന്നതിന് സൗകര്യമുണ്ട്. പ്രതിദിനം 15 വള്ളസദ്യകള്‍ വരെ നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളത്. ആദ്യദിവസം വഴിപാടായി 10 വള്ളസദ്യകള്‍ നടക്കും 44 വിഭവങ്ങളാണ് വള്ളസദ്യക്കുള്ളത്. ശ്ലോകം ചൊല്ലി വാങ്ങുന്ന 20 വിഭവങ്ങള്‍ വേറെയുമുണ്ട് .നാളെ രാവിലെ 11.30ന് ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം മന്ത്രിമാരായ വി.എന്‍. വാസവന്, വീണാ ജോര്‍ജ് , ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മെംബര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിശിഷ്ടാതിഥികള്‍ക്കും പ്രത്യേക ക്ഷണിതാക്കള്‍ക്കും വള്ളസദ്യ ആസ്വദിക്കാനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.വള്ളസദ്യയുടെ തുടക്ക ദിവസം 10 പള്ളിയോടങ്ങള്‍ക്കാണ് സദ്യ ക്രമീകരിച്ചിരിക്കുന്നത്. ഇടശേരിമല കിഴക്ക്, തോട്ടപ്പുഴശേരി, വെണ്‍പാല, തെക്കേമുറി, മല്ലപ്പുഴശേരി, മേലുകര, കോറ്റാത്തൂര്‍, ഇടനാട്, തെക്കേമുറി കിഴക്ക്, ആറാട്ടുപുഴ പള്ളിയോടങ്ങളാണ് ആദ്യദിനം വള്ളസദ്യയില്‍ പങ്കെടുക്കുന്നത്.മല്ലപ്പുഴശേരി പള്ളിയോടം നീരണിഞ്ഞു ആറന്മുള: ചങ്ങംകേരി വേണു ആചാരിയുടെ കരവിരുതിൽ പുതുക്കി പ്പണിത മല്ലപ്പുഴശേരി പള്ളിയോടം കരക്കാരുടെ പമ്പാ നദിയിൽ നീരണിഞ്ഞു.ആറന്മുള ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ആറാട്ട് കടവിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണന് നീരണിയല്‍ നിര്‍വഹിച്ചു .പള്ളിയോട കരയോഗം പ്രസിഡന്റ് ശശീന്ദ്രൻ നായരുടെ അത്യക്ഷതയിൽ ചേർന്ന സമ്മേളനം പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി. സാംബദേവനും ശില്പികളെ ആദരിക്കൽ ജില്ലാ പഞ്ചായത്തംഗം ഓമല്ലൂര്‍ ശങ്കരനും നിർവഹിച്ചു.അക്കീരമൺ കാളിദാസ ഭട്ടതിരി അനുഗ്രഹപ്രഭാഷണം നടത്തി. ജെ.ഇന്ദിരാദേവി, മിനി ജിജു ജേക്കബ്, ജിജി ചെറിയാൻ മാത്യു, ശ്രീലേഖ, സതീ ദേവി, റോസമ്മ മത്തായി, എ.പദ്മകുമാർ, ഹരികൃഷ്ണൻ തിരുമേനി, പ്രസാദ് ആനന്ദ ഭവൻ, കെ.എസ്.സുരേഷ്, ഭരത് വാഴുവേലിൽ, വിജയൻ നടമംഗലത്ത്, ബാലഗോപാൽ എന്നിവർ പ്രസംഗിച്ചു.ശ്രീപാർഥസാരഥി പള്ളിയോട കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള എ ബാച്ചില്‍പ്പെട്ട മല്ലപ്പുഴശേരി പള്ളിയോടം 16 ലക്ഷം രൂപ മുടക്കി ചങ്ങംകരി വേണു ആചാരിയുടെ നേതൃത്വത്തിലാണ് പുതുക്കിപ്പണിതത്