ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ ദേശീയ മെഡിക്കൽ തുടർവിദ്യാഭ്യാസത്തിന് നാളെ തുടക്കം
രക്തപ്പകർച്ചാവൈദ്യത്തിൻ്റെ ഭാവി വെളിപ്പെടുത്തുക' എന്നതാണ് സിഎംഇയുടെ പ്രമേയം. ട്രാൻസ്‌ഫ്യൂഷൻ മെഡിസിനിൽ ഇൻഡ്യയിലുടനീളമുള്ള ഏറ്റവും മികച്ച പ്രൊഫഷണലുകളുടെ ഒത്തുചേരലിനൊപ്പം ഈ മേഖലയിലെ വിദഗ്ദ്ധർ നയിക്കുന്ന നിരവധി ശാസ്ത്രിയ അവതരണങ്ങൾക്കും പാനൽ ചർച്ചകൾക്കും പരിപാടി സാക്ഷ്യം വഹിക്കും. കിഡ് (Kidd), കെൽ (Kell)എന്നീ രണ്ട് രക്തഗ്രൂപ്പ് സംവിധാനങ്ങളെ പ്രതിനിധാനം ചെയ്ത്, കിഡോ എന്നും കെല്ലി എന്നും പേരിട്ട് രണ്ട് ഭാഗ്യദേവതകളെ ആദ്യമായി അവതരിപ്പിക്കുന്നു. രോഗികൾക്കുള്ള രക്തത്തിന്റെയും രക്തഘടകങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്ന വൈദ്യശാസ്ത്രത്തിലെ വളർന്നുവരുന്ന ശാഖയാണ് ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ.
രക്തപകർച്ചാവൈദ്യശാസ്ത്രം, മറ്റ് ബന്ധപ്പെട്ട മേഖലകൾ, ലബോറട്ടറി മെഡിസിൻ എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധന, ക്ലിനിക്കൽ ഉപയോഗം, വിദ്യാഭ്യാസം വിവരങ്ങളുടെയും ആശയങ്ങളുടെയും കൊടുക്കൽവാങ്ങലുകൾ എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2011ൽ ദേശീയതലത്തിൽ സ്ഥാപിതമായതാണ് ഇൻഡ്യൻ സൊസൈറ്റി ഓഫ് ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ (ISTM).
ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി രാജ്യത്തെ ആദ്യത്തെ തദ്ദശീയമായ ബ്ലഡ്ബാഗ് സാങ്കേതികവിദ്യ വികസിപ്പിക്കുകയും വ്യാവസായികമേഖലയിലേയ്ക്ക് വിജയകരമായി കൈമാറ്റം ചെയ്യുകയും ചെയ്‌ത സ്ഥാപനമാണ്. അത്യാധുനിക ലബോറട്ടറി പരിശോധനകൾ നടത്തി സുരക്ഷിതമായ ക്ലിനിക്കൽ രക്തപകർച്ചാ രീതികൾ, രക്തപ്പകർച്ചയുടെ ഗുണനിലവാരം എന്നിവ ഉറപ്പാക്കി, പതിവായി രക്തദാന ക്യമ്പുകൾ സംഘടിപ്പിച്ച്, നൂറുശതമാനം സ്വമേധയാ ഉള്ള രക്തദാനം പ്രോത്സാഹിപ്പിക്കുക എന്നത് ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിൻ്റെ നിരന്തര പരിശ്രമമാണ്.