ജൂലൈ മൂന്ന് - സെന്റ് തോമസ് ദിനം നിയമസഭയ്ക്ക് അവധി പ്രഖ്യാപിക്കണം
കോട്ടയം : ഭാരത പ്രഥമ അപ്പോസ്തലൻ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ദിനമായി ആചരിക്കുന്ന ജൂലൈ മൂന്നിന് നിയമസഭയ്ക്ക് അവധി പ്രഖ്യാപിക്കണമെന്നും സംസ്ഥാനത്തൊട്ടാകെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ സർക്കാർ പൊതുഅവധി പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ ചീഫ് വിപ്പ് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ എന്നിവർക്ക് ഇതുസംബന്ധിച്ച് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിവേദനം സമർപ്പിച്ചു.
ജൂലൈ മൂന്നിന് നിയമസഭ ചേരുന്നുണ്ടെങ്കിൽ സെന്റ് തോമസ് ദിനമായ ജൂലൈ മൂന്ന് ഒഴിവാക്കിയാണ് നിയമസഭയുടെ കലണ്ടർ തയ്യാറാക്കുന്ന കീഴ്വഴക്കം നിലവിലുള്ളത്.
ആഗോളസഭാ തലത്തിലും ഭാരത സഭയിലും കേരളത്തിലുമുള്ള എല്ലാ ക്രൈസ്തവസഭാ വിഭാഗങ്ങളും ജൂലൈ മൂന്ന് വിശുദ്ധ തിരുക്കർമ്മങ്ങൾ നടത്തുന്ന പ്രാർഥനാ ദിനമായി ആചരിക്കുന്നത് കണക്കിലെടുത്തും നിയമസഭയുടെ മുൻകാല കീഴ്വഴക്കങ്ങൾ പരിഗണിച്ചും ജൂലൈ മൂന്നിന് നിയമസഭ ചേരുന്നത് ഒഴിവാക്കാൻ തയ്യാറാകണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തൊട്ടാകെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ജൂലൈ മൂന്നിന് പൊതുഅവധി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു.