മാലിന്യമുക്തം നവകേരളം: ശിൽപശാല ജൂലൈ 9 മുതൽ 12 വരെ
 
                                കോട്ടയം: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ കോട്ടയം ജില്ലയിൽ വിജയകരമായി പൂർത്തിയാക്കി. ആദ്യഘട്ടത്തിൽ കോട്ടയം ജില്ല സംസ്ഥാനതലത്തിൽ മൂന്നാംസ്ഥാനത്താണ്. പിന്നിൽ നിൽക്കുന്ന ഘടകങ്ങൾ പരിശോധിച്ച് മെച്ചപ്പെടുത്തി പരിഹരിക്കാനുള്ള പദ്ധതികൾ ഏറ്റെടുത്ത് ഈ വർഷാവസാനത്തോടെ സമ്പൂർണ മാലിന്യമുക്ത സംവിധാനങ്ങളുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിലവിൽ വരിക എന്ന ലക്ഷ്യത്തോടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ രണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടേയും സെക്രട്ടറിമാരുടേയും അർധദിനയോഗം തിങ്കളാഴ്ച(ജൂലൈ 8) രാവിലെ 10.30ന് കോട്ടയം മാപ്പൻ മാപ്പിള ഹാളിൽ ചേരും. യോഗം ആസൂത്രണസമിതി അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും. യോഗത്തിൽ നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി മുഖ്യപ്രഭാഷണം നടത്തും.
മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ സംസ്ഥാന ശിൽപശാലയുടെ തുടർച്ചയായി ജില്ലകളിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കർമപരിപാടി ആസൂത്രണം ചെയ്തു പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി ജില്ലാ- ബ്‌ളോക്ക്- നഗരസഭാതലങ്ങളിൽ ശിൽപശാല സംഘടിപ്പിക്കും.
ജില്ലയിലെ നഗരസഭാതല ശിൽപശാല ജൂലൈ ഒൻപത്, പത്ത് തിയതികളിലും ബ്‌ളോക്ക് തല ശിൽപശാല 11,12 തിയതികളിലും തെള്ളകം ചൈതന്യ പാസ്റ്റൽ സെന്ററിൽ നടക്കും. ശിൽപശാലയിൽ മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടക്കും. ശിൽപശാലയുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ ഓൺലൈൻ യോഗം ചേർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശങ്ങൾ നൽകി.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            