അന്താരാഷ്ട്ര സഹകരണദിനാചരണവും അവാര്‍ഡ് വിതരണവും കോട്ടയത്ത്* -മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും

Jul 4, 2024
അന്താരാഷ്ട്ര സഹകരണദിനാചരണവും അവാര്‍ഡ് വിതരണവും കോട്ടയത്ത്*   -മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും
കോട്ടയം : അന്താരാഷ്ട്ര സഹകരണദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച കോട്ടയത്ത് സഹകരണ -തുറമുഖ - ദേവസ്വംവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിക്കും. സഹകരണത്തിലൂടെ നല്ലനാളയെ സൃഷ്ടിക്കുക എന്നതാണ് ഈ വര്‍ഷത്തെ സഹകരണദിനാചരണത്തിന്റെ ഭാഗമായി ഇന്റര്‍നാഷ്ണല്‍ കോഓപറേറ്റീവ് അലയന്‍സ് മുന്നോട്ടുവച്ചിരിക്കുന്ന മുദ്രാവാക്യം. ഈ മുദ്രാവാക്യം യാഥാര്‍ഥ്യമാക്കുന്ന വിവിധങ്ങളായ പദ്ധതികള്‍ വിഭാവനം ചെയ്തുകൊണ്ടാണ് സഹകരണവകുപ്പ് ദിനാചരണം നടത്തുന്നതെന്ന്  സംസ്ഥാന സഹകരണയൂണിയന്‍ മാനേജിങ്ങ് കമ്മിറ്റി അംഗം കെ.എം. രാധാകൃഷ്ണന്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. 
 ഇന്റര്‍നാഷണല്‍ കോഓപറേറ്റീവ് അലയന്‍സിന്റെ മുദ്രാവാക്യം ഉള്‍ക്കൊണ്ട് /കേരളവികസനം സഹകരണമേഖലയിലൂടെ സാധ്യമാക്കുന്നതിനായി സമഗ്ര സഹകരണകര്‍മ്മപദ്ധതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.  കാര്‍ഷികമേഖല, നിര്‍മ്മാണ സര്‍വ്വീസ് മേഖലകള്‍, ആരോഗ്യം, വിദ്യാഭ്യാസം , വ്യവസായം , വിനോദസഞ്ചാരം തുടങ്ങി സഹകരണ മേഖലയുടെ സജീവസാന്നിധ്യമുള്ള എല്ലാരംഗത്തും  കാലഘട്ടത്തിന് അനുയോജ്യമായ സുസ്ഥിരമായ വികസനപദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് ഈ വികസനപദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക, തൊഴില്‍ അവസരം സൃഷ്ടിക്കുക, സുസ്ഥിര വികസനം സാധ്യമാക്കുക എന്നിവയാണ് ഈ വികസന കര്‍മ്മപദ്ധതിയിലൂടെ സഹകരണവകുപ്പ് ലക്ഷ്യമിടുന്നത്.  
 ശനിയാഴ്ച്ച രാവിലെ 11ന് മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന  പൊതുസമ്മേളനത്തില്‍  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനാകും.  അന്തര്‍ദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നല്‍കുന്ന സഹകരണ സംഘങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ 
സമ്മേളനത്തില്‍ വച്ച് മന്ത്രി വി.എന്‍ വാസവന്‍ വിതരണം ചെയ്യും. 
മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പത്ത് വിഭാഗങ്ങളിലെ സഹകരണസ്ഥാപനങ്ങള്‍ക്കാണ് സഹകരണ വകുപ്പ് അവാര്‍ഡ് നല്‍കുന്നത്. ഇതോടൊപ്പം മികച്ച സഹകാരിക്കുള്ള റോബര്‍ട്ട് ഓവന്‍ പുരസ്‌കാരം സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക പുരസ്‌കാരം, കോപ് ഡേ പുരസ്‌കാരം, സഹകരണ എക്സലന്‍സ് അവാര്‍ഡും മന്ത്രി നല്‍കും. 
 പൊതു സമ്മേളനത്തില്‍ എം.പിമാരായ ജോസ് കെ. മാണി, അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്, പ്രാഥമിക വായ്പാസംഘങ്ങളുടെ സംസ്ഥാന അസോസിയേഷന്‍ (പി.എ.സി.എസ്) സംസ്ഥാനപ്രസിഡന്റ് അഡ്വ. വി. ജോയി എം.എല്‍.എ, സംസ്ഥാന സഹകരണയൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍, സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ്, കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, സഹകരണവകുപ്പ് മുന്‍ സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, കോട്ടയം ജില്ലാകളക്ടർ വി. വിഗ്‌നേശ്വരി, ചങ്ങനാശേരി അര്‍ബന്‍ബാങ്ക് ചെയര്‍മാന്‍ എ.വി. റസല്‍, പി.എ.സി.എസ്. അസോസിയേഷന്‍ കോട്ടയം ജില്ലാസെക്രട്ടറി കെ. ജയകൃഷ്ണന്‍, കാഞ്ഞിരപ്പള്ളി സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാന്‍ അഡ്വ: പി സതീഷ് ചന്ദ്രന്‍നായര്‍, മീനച്ചില്‍ സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കല്‍, ചങ്ങനാശേരി സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാന്‍ അഡ്വ: ബെജു കെ. ചെറിയാന്‍, കെ.എസി.ഇ.യു. ജില്ലാസെക്രട്ടറി കെ. പ്രശാന്ത്, കെ.എസി.ഇ.എഫ് ജില്ലാസെക്രട്ടറി കെ.കെ. സന്തോഷ്, കെ.എസി.ഇ.സി. ജില്ലാ സെക്രട്ടറി ആര്‍. ബിജു, കോട്ടയം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ കെ. വി. സുധീര്‍  എന്നിവര്‍ പങ്കെടുക്കും.
 
 സഹകരണ ദിനാചരണത്തിന്റെ ഭാഗമായുള്ള സെമിനാറുകള്‍ക്ക് അന്ന് രാവിലെ തുടക്കം കുറിക്കും. രാവിലെ 9.30ന് സഹകരണസംഘം രജിസ്ട്രാര്‍  ടി.വി. സുഭാഷ് പതാക ഉയര്‍ത്തും. തുടര്‍ന്നു നടക്കുന്ന സെമിനാറില്‍ കോട്ടയം ഗ്രാമകാർഷിക വികസനബാങ്ക്  
 അഡ്വ. ജി ഗോപകുമാര്‍ അധ്യക്ഷനാകും. സമഗ്ര സഹകരണ നിയമഭേദഗതി എന്ന വിഷയത്തില്‍ റിട്ട: ജോയിന്റ് രജിസ്ട്രാര്‍ അഡ്വ. ബി. അബ്ദുള്ള വിഷയാവതരണം അവതരണം നടത്തും.
 ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സെമിനാറില്‍ കോട്ടയം സഹകരണ അര്‍ബന്‍ ബാങ്ക് ചെയര്‍ മാന്‍ ടി.ആര്‍. രഘുനാഥന്‍ അധ്യക്ഷനാകും. സഹകരണ വായ്പാ മേഖല അഭിമുഖീകരി ക്കുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ എ.സി.എസ.റ്റി.ഐ മുന്‍ഡയറക്ടര്‍ ബി.പി. പിള്ള വിഷയാവതരണം നടത്തും. 100 വർഷം പൂർത്തീകരിച്ച 14 സഹകരണ സംഘങ്ങളെ ആദരിക്കും.
വാർത്താസമ്മേളനത്തില്‍ സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ കെ. വി. സുധീര്‍,അസിസ്റ്റൻ്റ് രജിസ്ട്രാർ കെ.പി. ഉണ്ണിക്കൃഷ്ണൻ, കാപ്കോസ് സെക്രട്ടറി കെ.ജെ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.