ദ്വീപിൽനിന്ന് നാളികേര ഹൽവ ഭൗമസൂചിക പട്ടികയിലേക്ക്
കേരളത്തിന്റെ സ്വന്തം നാളികേരം ഇനി ലക്ഷദ്വീപിലൂടെ എണ്ണപ്പെടും
കോഴിക്കോട്: കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഭൗമസൂചിക പട്ടികയിൽ ഉൾപ്പെട്ട കേരളത്തിന്റെ ഉൽപന്നങ്ങൾക്കൊപ്പം ലക്ഷദ്വീപിലെ പരമ്പരാഗത മധുര പലഹാരമായ നാളികേര ഹൽവയും (ദ്വീപുണ്ട) ഇടംപിടിക്കുന്നു. മലയാളി കൃഷിശാസ്ത്രജ്ഞരുടെ സഹായത്തോടെ ഇതിനുള്ള നടപടികൾ ദ്വീപിലെ കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.ഉൽപന്നങ്ങളുടെ ഗുണമേന്മ പഠനത്തിനും സാങ്കേതിക സഹായത്തിനും കാസർകോട്ടെ കേന്ദ്ര കാർഷിക ഗവേഷണ കൗൺസിലിലെ ശാസ്ത്രജ്ഞരാണ് ഒപ്പമുള്ളത്. കേരവൃക്ഷവും നാളികേരവും മലയാള നാടിനെ ഓർമപ്പെടുത്തുന്നതാണെങ്കിലും ദേശീയ ഭൗമസൂചികയിൽ നാളികേരം ലക്ഷദ്വീപിലൂടെയാകും ഇനി എണ്ണപ്പെടുക. നാളികേര വികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പട്ടികയിൽ ഇടം നേടാൻ പോകുന്നത്.ദ്വീപ് വനിതകളുടെ ഉപജീവനമാർഗങ്ങളിലൊന്നായി നാളികര ഹൽവ മാറിയിട്ടുണ്ട്. ഭൗമസൂചികയിലെത്തിയാൽ ഗുണമേന്മക്ക് ഗാരന്റിയാകും. സർക്കാർ പരിരക്ഷയിൽ വാണിജ്യാടിസ്ഥാനത്തിൽ വിപണനവും നടത്താം.മറയൂർ ശർക്കര, പാലക്കാടൻ മട്ട, ആറന്മുള കണ്ണാടി, ബാലരാമപുരം കൈത്തറി, പൊക്കാളി അരി തുടങ്ങി കേരളത്തിൽനിന്ന് ഭൗമസൂചികയിലെത്തിയ ഉൽപനങ്ങൾക്ക് ലോകവിപണിയിൽ മികച്ച വിൽപനയുണ്ട്. പട്ടികയിൽ ഇടംപിടിക്കുന്നതോടെ നാളികേരത്തിനും വില വർധനയുണ്ടാകുമെന്ന പ്രതീക്ഷയും ശാസ്ത്രജ്ഞർ പ്രകടിപ്പിക്കുന്നു.