വയനാട്ടിലെ ആദ്യ സപ്ലൈകോ പെട്രോൾ ബങ്ക് മാനന്തവാടിയിൽ

* സപ്ലൈകോ പെട്രോൾ പമ്പുകൾ വ്യാപിപ്പിക്കും- മന്ത്രി ജി.ആര്‍. അനിൽ
സപ്ലൈകോ പെട്രോൾ പമ്പുകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ഭാരത് പെട്രോളിയം കോര്‍പ്പറേഷനുമായി ചേര്‍ന്ന് മൈക്രോ എടിഎം സംവിധാനത്തോടുകൂടി മാനന്തവാടിയിൽ ആരംഭിച്ച സപ്ലൈകോ പെട്രോള്‍ ബങ്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകൾക്ക് ശേഷം ഇപ്പോൾ വയനാട്ടിലും സപ്ലൈകോ പെട്രോൾ പമ്പുകൾ ആരംഭിച്ചിരിക്കുകയാണ്. സപ്ലൈകോയുടെ പതിമൂന്നാമത് ഔട്ട്ലെറ്റാണ് മാനന്തവാടിയിലേത്. സപ്ലൈകോയുടെ വിവിധ മേഖലകളിലൂടെ മാർക്കറ്റിൽ ഇടപെട്ട് വിലവർദ്ധനവിന്റെ പ്രയാസങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നെല്ലിന് ന്യായവില, പൊതു വിദ്യാഭ്യാസരംഗത്ത് അരി വിതരണം, ന്യായവിലക്ക് മരുന്ന്, റേഷൻ കട വഴി അരിവിതരണം, പെട്രോൾ പമ്പ് തുടങ്ങിയവയെല്ലാം സർക്കാർ സാമൂഹിക പ്രതിബദ്ധതയോടെ നേരിട്ട് നടത്തുന്ന പദ്ധതികളാണെന്ന് മന്ത്രി പറഞ്ഞു. സപ്ലൈകോയിലുണ്ടായ പ്രതിസന്ധി ജീവനക്കാരുടെ കെടുകാര്യസ്ഥതയാണെന്ന് ധരിക്കരുത്. ജനങ്ങളെ സഹായിക്കുന്ന ഗവൺമെന്റിന്റെ ഉത്തരവാദിത്തം ഫലപ്രദമായി നിറവേറ്റുന്നതിനാലാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. ഒരു കിലോ അരി വിതരണം ചെയ്യുന്നതിലൂടെ സപ്ലൈകോ 11 രൂപയുടെ ബാധ്യതയാണ് ഏറ്റെടുക്കുന്നത്.
സപ്ലൈകോയിൽ സബ്സിഡി നൽകുന്ന 13 ഉൽപ്പന്നങ്ങൾക്ക് പുറമേ ആയിരത്തിൽ പരം ഉൽപ്പന്നങ്ങൾക്ക് 5 മുതൽ 30 ശതമാനം വരെ മാർക്കറ്റ് വിലയേക്കാൾ കുറവാണ് ഈടാക്കുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള ലാഭം കൂടി ഉൾപ്പെടുത്തിയാണ് സപ്ലൈകോ സബ്സിഡി നൽകുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 95 ഔട്ട്ലെറ്റുകളാണ് പുതുക്കിയും പുതിയതുമായി ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു അധ്യക്ഷനായിരുന്നു. സാമൂഹ്യക്ഷേമ മേഖലയിൽ സർക്കാർ ഇടപെടുന്നു എന്നതിന് തെളിവാണ് ജില്ലയിലെ ആദ്യത്തെ സപ്ലൈകോ പെട്രോൾ ബങ്ക് സംരംഭം. സപ്ലൈകോ പമ്പുകൾ വഴി ഏറ്റവും നല്ല ഇന്ധനം നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി ഒ.ആര്‍. കേളു പറഞ്ഞു.
മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി ആദ്യവില്‍പ്പന നടത്തി. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, സബ്കലക്ടര്‍ മിസാല്‍ സാഗര്‍ ഭാരത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ഡിവിഷന്‍ കൗണ്‍സിലര്‍ വി.ഡി അരുണ്‍ കുമാര്‍, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ആൻഡ് ചെയർമാൻ ഡോ. ശ്രീറാം വെങ്കിട്ടരാമൻ, എ.ജി.എം എൻ.രഘു നാഥ്, ജില്ലാ സപ്ലൈ ഓഫീസർ ജയിംസ് പീറ്റർ, ബി.പി.സി.എൽ റീട്ടെയിൽ സ്റ്റേറ്റ് ഹെഡ് കെ.വി രമേശ് കുമാർ, ബി.പി. സി.എൽ റീട്ടെയിൽ ടെറിട്ടറി മാനേജർ ജയ് ദീപ് പോട്ട്ദാർ എന്നിവര്‍ സംസാരിച്ചു. സപ്ലൈകോ ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.