നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് ഓഗസ്റ്റ് ആറിന് ചെങ്ങന്നൂരിൽ; രജിസ്റ്റർ ചെയ്യാം
കോട്ടയം: നോർക്ക റൂട്ട്‌സ് റീജണൽ സബ് സെന്റർ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി ഓഗസ്റ്റ് ആറിന് ചെങ്ങന്നൂരിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപം ചിറ്റൂർ ചേംബേഴ്‌സ് ബിൽഡിങിന്റെ ഒന്നാം നിലയിൽ രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് ക്യാമ്പ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് അവസരം. നോർക്ക റൂട്ട്‌സിന്റെ www.norkaroots.org എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്‌പോർട്ട്, സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസലും പകർപ്പും സഹിതം പങ്കെടുക്കാം. വ്യക്തിവിവര സർട്ടിഫിക്കറ്റുകളുടെ (Personal Documents) അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാമ്പിൽ സ്വീകരിക്കും. അന്നേ ദിവസം നോർക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം സെന്ററിൽ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ല.
കേരളത്തിൽ നിന്നുളള സർട്ടിഫിക്കറ്റുകൾ മാത്രമേ നോർക്ക റൂട്ട്സ് വഴി അറ്റസ്റ്റേഷനു നൽകാൻ കഴിയൂ. വിശദവിവരത്തിന് ഫോൺ: 0479 208 0428, 9188492339, 0471-2770557, 2329950. (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ), 18004253939 (24 മണിക്കൂറും). വിദ്യാഭ്യാസം, വ്യക്തിഗത വിവരങ്ങൾ അടങ്ങിയ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തൽ, ഹോം അറ്റസ്റ്റേഷൻ, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേഴ്സ്) സാക്ഷ്യപ്പെടുത്തൽ, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തൽ എന്നിവ നോർക്ക റൂട്ട്സ് വഴി ലഭ്യമാണ്. യു.എ.ഇ, ഖത്തർ, ബഹറൈൻ, കുവൈറ്റ്, സൗദി എന്നീ എംബസി സാക്ഷ്യപ്പെടുത്തലുകൾക്കും അപ്പോസ്റ്റിൽ അറ്റസ്റ്റേഷനു വേണ്ടിയും നോർക്ക റൂട്ട്സ് വഴി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാം.