ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.
ന്യൂഡല്‍ഹി, 22 ജൂലൈ 2024
ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.
60 വർഷത്തെ ഇടവേളയ്ക്ക് ശേഷം തുടർച്ചയായി മൂന്നാം വർഷവും ഒരു ഗവൺമെൻ്റ് അധികാരത്തിൽ വന്നതിൽ അഭിമാനമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. മൂന്നാം തവണയും ഗവണ്മെൻ്റ് ബജറ്റ് അവതരിപ്പിക്കുന്നത് മഹത്തായ സംഭവമായാണ് രാജ്യം കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ബജറ്റ് അമൃതകാലത്തിൻ്റെ നാഴികക്കല്ലായ ബജറ്റാണെന്നും ഒരു കാലയളവിനുള്ളിൽ നൽകിയ ഉറപ്പുകൾ സാക്ഷാത്കരിക്കാനാണ് ഗവണ്മെൻ്റ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. "ഈ ബജറ്റ് നിലവിലെ ഗവണ്മെൻ്റിൻ്റെ അടുത്ത അഞ്ച് വർഷത്തെ ദിശാസൂചന നൽകുകയും 2047 ഓടെ വികസിത ഭാരതം എന്ന സ്വപ്നത്തിന് ശക്തമായ അടിത്തറയിടുകയും ചെയ്യും"- അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ തുടർച്ചയായി 8 ശതമാനം വളർച്ച കൈവരിച്ച പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ, ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ശുഭോദർക്കമായ വീക്ഷണം, നിക്ഷേപം, പ്രവർത്തനം എന്നിവ കാരണം ഇന്ന് അവസരങ്ങൾ ഏറ്റവും ഉയർന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പോരാട്ടങ്ങളും ഇപ്പോൾ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ നടന്നിട്ടുണ്ടെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പൗരന്മാർ ഗവണ്മെൻ്റിനെ തെരഞ്ഞെടുത്തുവെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അടുത്ത 5 വർഷത്തേക്ക് എല്ലാ പാർലമെൻ്റ് അംഗങ്ങളും ഒരുമിച്ച് നിന്ന് രാജ്യത്തിനായി പോരാടണമെന്ന് അഭ്യർത്ഥിച്ചു. 2029 ജനുവരിയിൽ തെരഞ്ഞെടുപ്പു പോരാട്ട ഭൂമിയിലേക്ക് പോകും വരെ, അടുത്ത നാലര വർഷത്തേക്ക് പാർലമെൻ്റിൻ്റെ മാന്യമായ വേദി പ്രയോജനപ്പെടുത്തി രാജ്യത്തോട് പ്രതിബദ്ധത പുലർത്താൻ എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ സംഘടനകൾക്കതീതമായി ഉയരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അതുവരെ രാജ്യം, പാവപ്പെട്ടവർ, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവർക്കാണ് മുൻഗണന നൽകേണ്ടത്. 2047-ൽ ഒരു വികസിത ഭാരതമെന്ന സ്വപ്നവും ദൃഢനിശ്ചയവും സാക്ഷാത്കരിക്കുന്നതിൽ ഒരലംഭാവവും കാട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില രാഷ്ട്രീയ പാർട്ടികളുടെ നിഷേധാത്മക സമീപനം മൂലം പല പാർലമെൻ്റംഗങ്ങൾക്കും അഭിപ്രായങ്ങളും തങ്ങളുടെ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു . എല്ലാ അംഗങ്ങൾക്കും, പ്രത്യേകിച്ച് ആദ്യമായി അംഗമായവർക്ക് അവരുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകണമെന്ന് അദ്ദേഹം എല്ലാ പാർട്ടികളോടും അഭ്യർത്ഥിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിനെയും, പ്രധാനമന്ത്രിയുടെ പ്രസംഗത്തെയും പാർലമെൻ്റിൽ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളെക്കുറിച്ചും ശ്രീ മോദി ജനങ്ങളെ ഓർമ്മിപ്പിച്ചു. ജനാധിപത്യ പാരമ്പര്യത്തിൽ ഇത്തരം രീതികൾക്ക് സ്ഥാനമില്ല എന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളുടെ അജണ്ടകൾക്ക് അനുസരിച്ചു പ്രവർത്തിക്കാനല്ല, രാജ്യത്തെ സേവിക്കാനാണ് ജനങ്ങൾ തങ്ങളുടെ ജനവിധി നൽകിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പാർലമെൻ്റംഗങ്ങളെ ഓർമ്മിപ്പിച്ചു. "ഈ സഭ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടിയുള്ളതല്ല, ഈ സഭ രാജ്യത്തിന് വേണ്ടിയാണ്. ഇത് പാർലമെൻ്റംഗങ്ങളെ സേവിക്കാനല്ല, മറിച്ച് ഇന്ത്യയിലെ 140 കോടി പൗരന്മാരെ സേവിക്കാനാണ്," അദ്ദേഹം ഊന്നിപ്പറഞ്ഞു. എല്ലാ പാർലമെൻ്റ് അംഗങ്ങളും ഫലപ്രദമായ ചർച്ചകൾക്ക് സംഭാവന നൽകുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ക്രിയാത്മകമായ കാഴ്ചപ്പാടുകളാണ് രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "എതിർപ്പിന്റെ കാഴ്ചപ്പാടുകൾ മോശമല്ല,എന്നാൽ നിഷേധാത്മകമായ കാഴ്ചപ്പാടുകളാണ് വികസനത്തെ തടസ്സപ്പെടുത്തുന്നത്". അദ്ദേഹം പറഞ്ഞു.ജനാധിപത്യത്തിൻ്റെ ഈ ക്ഷേത്രം സാധാരണ പൗരന്മാരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും നിറവേറ്റാൻ ഉപയോഗിക്കുമെന്ന് ആത്മവിശ്വാസത്തോടെ അദ്ദേഹം കൂട്ടിച്ചേർത്തു.