മധുരം പകർന്ന് കോട്ടയം@ 75... ജില്ലയുടെ എഴുപത്തിയഞ്ചാം*.....പിറന്നാൾ ആഘോഷത്തിനു തുടക്കം
 
                                കോട്ടയം: ശിങ്കാരിമേളത്തിന്റെ അകമ്പടിയിൽ കേക്കു മുറിച്ചും മരം നട്ടും കോട്ടയത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷത്തിന് കളക്ട്രേറ്റിൽ തുടക്കം. കോട്ടയം ജില്ല രൂപീകൃതമായതിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷം കളറാക്കി കളക്ട്രേറ്റ് ജീവനക്കാർ. ജില്ലയുടെ ഭൂപടവും ജില്ലയിലെ ഒൻപതു നിയമസഭാമണ്ഡലങ്ങളും പലനിറങ്ങളിൽ അടയാളപ്പെടുത്തിയ കേക്ക് കളക്ട്രേറ്റിന്റ കവാടത്തിൽ നടന്ന ചടങ്ങിൽ മുറിച്ചുകൊണ്ടായിരുന്നു ആഘോഷങ്ങൾക്കു തുടക്കമിട്ടത്.
കോട്ടയം @ 75 എഴുതിയ ജില്ലയുടെ ഭൂപടം പതിച്ച മാപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് മിനി എസ്. ദാസും ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കും സബ് കളക്ടർ ഡി. രഞ്ജിത്തും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റും ബീന പി. ആനന്ദും ചേർന്നു മുറിച്ചു. തുടർന്നു ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ ഭൂപടം ആലേഖനം ചെയ്ത കേക്കും മുറിച്ചു. അതിനുശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സബ് കളക്ടറും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റും ചേർന്ന് ജില്ലാ പഞ്ചായത്ത് വളപ്പിൽ പ്ലാവ് നട്ടു. 1949 ജൂലൈ ഒന്നിനാണ് കോട്ടയം ജില്ല രൂപീകൃതമായത്. 75 വർഷം തികയുന്ന ജൂലൈ ഒന്നുമുതൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
ഞായറാഴ്ച വൈകിട്ടുമുതൽ കളക്ട്രേറ്റിന്റെ പൂമുഖം ദീപാലങ്കൃതമായിരുന്നു. വർണബലൂണുകൾ കൊണ്ട് കളക്ട്രേറ്റ് കവാടം അലങ്കരിക്കുകയും ചെയ്തിരുന്നു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, പ്ലാനിങ് ഓഫീസർ പി.എ. അമാനത്ത് എന്നിവർ പ്രസംഗിച്ചു. ജില്ലാതല ഉദ്യോഗസ്ഥർ, കളക്ട്രേറ്റ് ജീവനക്കാർ, ഫെഡറൽ ബാങ്ക് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കടുത്തു.
ഫോട്ടോകാപ്ഷൻ
കോട്ടയം ജില്ലാ രൂപീകരണത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങൾക്കു തുടക്കം കുറിച്ച് കളക്ട്രേറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് മിനി എസ്. ദാസ്, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, സബ് കളക്ടർ ഡി. രഞ്ജിത്ത്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് എന്നിവർ ചേർന്നു കോട്ടയം ജില്ലയുടെ ഭൂപടമുള്ള കേക്ക് മുറിക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            