ഷിരൂരിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള മൂന്നാംഘട്ട തിരച്ചിൽ ആരംഭിച്ചു
അർജുനെ കണ്ടെത്താനുള്ള മൂന്നാംഘട്ട തിരച്ചിൽ ആരംഭിച്ചു; ഈശ്വർ മാൽപെയും പുഴയിലിറങ്ങി പരിശോധിക്കും
മംഗളൂരു : അങ്കോല ഷിരൂരിൽ കാണാതായ അർജുനുൾപ്പെടെയുള്ളവരെ കണ്ടെത്താനായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ പുനരാരംഭിച്ചു. ഗംഗാവലി പുഴയിൽ അണ്ടർവാട്ടർ കാമറയിറക്കി പരിശോധന നടത്തും.
നാവിക സേന നിർദേശിച്ച മൂന്നു പ്രധാന പോയന്റുകളിലാണ് തിരച്ചിൽ നടത്തുക. കാർവാറിൽനിന്ന് എത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് തിരച്ചിൽ. അർജുന്റെ ലോറിയുടെ ക്യാബിന്‍ കണ്ടെത്തുകയെന്നതാണ് ലക്ഷ്യം. വെള്ളിയാഴ്ച ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോറിയുടെ ലോഹ ഭാഗം കണ്ടെത്തിയിരുന്നു. മൂന്ന് ദിവസം തിരച്ചിൽ നടത്താനാണ് ഡ്രഡ്ജർ കമ്പനിയുമായുള്ള കരാർ.
ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെക്ക് ജില്ല ഭരണകൂടം അനുമതി നൽകി. പുഴയിലെ സാഹചര്യം തിരച്ചിലിന് അനുകൂലമെന്ന് മാൽപെ പറഞ്ഞു. പരിശോധന സ്ഥലത്തേക്ക് അർജുന്റെ സഹോദരി അഞ്ജു എത്തിയിട്ടുണ്ട്. മൂന്നാം ദൗത്യത്തിൽ ലോറിയുടെ ക്യാബിൻ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് സഹോദരി അഞ്ജു പ്രതികരിച്ചു.