പാങ്ങോട് സൈനിക കേന്ദ്രത്തിൽ കാർഗിൽ വിജയ ദിനം ആഘോഷിച്ചു പാങ്ങോട് യുദ്ധ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ച് കേരള ഗവർണർ
തിരുവനന്തപുരം :
കാർഗിൽ വിജയ ദിനത്തിൻ്റെ രജത ജൂബിലി ആഘോഷത്തിൽ പാങ്ങോട് സൈനിക കേന്ദ്രം. ഇന്ന് (26 ജൂലൈ) നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള ഗവർണർ പാങ്ങോട് യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കുകയും കാർഗിൽ യുദ്ധത്തിലെ വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം സൈക്കിൾ റാലി ടീമിനെ സ്വീകരിക്കുകയും ചെയ്തു. പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ സലിൽ എം.പി, മുതിർന്ന ഉദ്യോഗസ്ഥർ, സേനാംഗങ്ങൾ, വിമുക്തഭടന്മാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കാർഗിൽ യുദ്ധത്തിലെ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്, തിരുവനന്തപുരത്തെ പാങ്ങോട് സൈനിക കേന്ദ്രം സംഘടിപ്പിച്ച സൈക്കിൾ റാലി ഇന്ന് സമാപിച്ചു.
ജൂലൈ 14-ന് പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി
കോട്ടയം, ആലപ്പുഴ, ചങ്ങനാച്ചേരി, റാന്നി, പത്തനംതിട്ട, കൊട്ടാരക്കര, കൊല്ലം, കിളിമാനൂർ എന്നീ സ്ഥലങ്ങളിലൂടെ കടന്ന് വിവിധ വിമുക്തഭടൻമാരുടെ കാൻ്റീനുകളും, എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ECHS) പോളിക്ലീനിക്കുകളും സന്ദർശിക്കുകയും, 15 വീർ നാരികൾ / വീർ മാതാക്കൾ / വിധവകൾ / യുദ്ധ സേനാനികൾ എന്നിവരുടെ വസതികൾ സന്ദർശിക്കുകയും അവരെ ആദരിക്കുകയും ചെയ്തു.
പാങ്ങോട് സൈനിക കേന്ദ്രത്തിലെ 10 സൈനികർ അടങ്ങുന്ന റാലി സംഘം രാമപുരത്തെ പരമവീരചക്ര ജേതാവായ (മരണാനന്തരം) മേജർ രാമസ്വാമി പരമേശ്വരൻ്റെ പ്രതിമയിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് യാത്ര തുടങ്ങിയത്.