അധികാരമേറ്റ് രേഖാ ഗുപ്ത; ദൽഹിയിൽ നാലാമത്തെ വനിതാ മുഖ്യമന്ത്രി

ന്യൂദല്‍ഹി: രേഖ ഗുപ്ത ദല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലെഫ്. ഗവർണർ വി കെ സക്‌സേന സത്യവാചകം ചെല്ലിക്കൊടുത്തു. ദല്‍ഹിയുടെ ഒന്‍പതാമത്തെ മുഖ്യമന്ത്രിയും നാലാമത്തെ വനിതാ മുഖ്യമന്ത്രിയുമാണ് രേഖ. അന്തരിച്ച മുതിര്‍ന്ന നേതാവ് സുഷമ സ്വരാജായിരുന്നു ബിജെപിയുടെ ദല്‍ഹിയിലെ അവസാനത്തെ മുഖ്യമന്ത്രി.
പര്‍വേഷ് വര്‍മ, ആഷിഷ് സൂദ്, മഞ്ജീന്ദര്‍ സിങ് സിര്‍സ, രവീന്ദ്ര ഇന്ദ്രജ് സിങ്, കപിൽ മിശ്ര, പങ്കജ് കുമാര്‍ സിങ് എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കാല്‍ നൂറ്റാണ്ടിനു ശേഷമാണ് ദല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തുന്നത്. ഷാലിമാര്‍ ബാഗില്‍ നിന്നുള്ള എംഎല്‍എ രേഖ മഹിളാ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റാണ്. രാംലീല മൈതാനത്ത് ഉച്ചയ്‌ക്ക് 12ന് നടന്ന സത്യപ്രതിജ്ഞയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, തുടങ്ങിയ നേതാക്കളുടെ വലിയ നിര പങ്കെടുത്തു. എന്‍ഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചടങ്ങിനെത്തി. വിവിധ മേഖലകളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യവുമുണ്ടായി.
ചേരി നിവാസികള്‍, കാര്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, കര്‍ഷകര്‍, വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായ വനിതകള്‍ എന്നിവരെയും ചടങ്ങിലേക്ക് പ്രത്യേകമായി ക്ഷണിച്ചിരുന്നു. 70 അംഗ നിയമസഭയില്‍ 48 സീറ്റ് നേടിയാണ് സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയത്.
എബിവിപിയിലൂടെ രാഷ്‌ട്രീയ പ്രവർത്തനം ആരംഭിച്ച നേതാവാണ് രേഖ ഗുപ്ത. 1992 ൽ ദൽഹി സർവകലാശാലയിലെ ദൗലത്ത് റാം കോളേജിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) നേതാവായിട്ടായിരുന്നു തുടക്കം. 1996–1997 കാലയളവിൽ രേഖാ ഗുപ്ത ദൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ പ്രസിഡന്റായി ചുമതലയേറ്റു. ദൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു രേഖാ ഗുപ്ത. 2007-ൽ ഉത്തരി പിതംപുരയിൽ നിന്ന് ദൽഹി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2012-ൽ നോർത്ത് പിതംപുരയിൽ നിന്ന് രേഖ വീണ്ടും കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായും രേഖ പ്രവർത്തിച്ചിട്ടുണ്ട്.1974 ജൂലൈ 19 ന് ഹരിയാനയിലെ ജുലാനയിലായിരുന്നു രേഖ ഗുപ്തയുടെ ജനനം