കോസടി സ്കൂളിന്റെ പുതിയ കെട്ടിടം 20 ന് മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും
മുണ്ടക്കയം : കോരുത്തോട് ഗ്രാമപഞ്ചായത്തിലെ പിന്നോക്ക മേഖലയായ കോസടിയിലുള്ള ഗവൺമെന്റ് ട്രൈബൽ യു.പി സ്കൂളിന് സംസ്ഥാന ഗവൺമെന്റ് പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന അനുവദിച്ച 3 കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു. പുതിയ സ്കൂൾ കെട്ടിടത്തിന്റെയും അതോടൊപ്പം സമഗ്ര ശിക്ഷാ കേരളയുടെ കീഴിൽ സ്റ്റാർസ് പദ്ധതിയിൽപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വർണ്ണക്കൂടാരത്തിന്റെയും സംയുക്ത ഉദ്ഘാടനകർമ്മം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തും. കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ സ്കൂൾ കെട്ടിട നിർമ്മാണത്തിന്റെ ചുമതല വഹിച്ചിരുന്ന പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ സൂപ്രണ്ടിംഗ് എൻജിനീയർ ലൈജു എം.ജി റിപ്പോർട്ട് അവതരിപ്പിക്കുകയും, സമഗ്ര ശിക്ഷാ കേരള ജില്ലാ കോഡിനേറ്റർ കെ.ജെ പ്രസാദ് വർണ്ണക്കൂടാരം പദ്ധതി വിശദീകരണം നടത്തുകയും ചെയ്യും. ചടങ്ങിൽ സ്കൂളിന് ആവശ്യമായ ഒന്നര ഏക്കർ സ്ഥലം 1958-ൽ സൗജന്യമായി വിട്ടു നൽകിയ കല്ലേശ്ശേരി, മേനോത്ത്, പുളിഞ്ചേരിയിൽ എന്നീ കുടുംബങ്ങളുടെ ഇപ്പോഴത്തെ പിന്മുറക്കാരെയും, ആദ്യകാല അധ്യാപകനായ ചെല്ലപ്പൻ ആചാരിയെയും ആദരിക്കും.
യോഗത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ശുഭേഷ് സുധാകരൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ പി.ഡി പ്രകാശ്, രത്നമ്മ രവീന്ദ്രൻ, ജാൻസി സി.എം, ഗിരിജ പി.എസ്, രാജേഷ് സി,എൻ , സി.സി തോമസ്, ജയദേവൻ എന്നിവരും കോട്ടയം ഡി.ഡി.ഇ സുബിൻ പോൾ, കാഞ്ഞിരപ്പള്ളി ഡിഇഒ രാകേഷ് ഇ. റ്റി കെഎഎസ്, കാഞ്ഞിരപ്പള്ളി എ.ഇ.ഓ സുൽഫിക്കർ എസ്, കോട്ടയം ഡി.പി.ഓ അനിത. എസ്, കാഞ്ഞിരപ്പള്ളി ബി.പി.സി ഓ അജാസ് വി. എം, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ സജു എസ്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ കെ, കോസടി ഊരുമൂപ്പൻ കെ. പി. ഗംഗാധരൻ, മുൻ ഹെഡ്മിസ്ട്രസ് സുലു കെ.കെ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ കെ.രാജേഷ്, ജോയി പുരയിടം, സി.എ തോമസ്, കെ.ബി രാജൻ, ഉജാകുമാരി എം.ബി, സ്കൂൾ പിടിഎ പ്രസിഡന്റ് ജയ അജയകുമാർ , മുൻ പിടിഎ പ്രസിഡന്റ് പ്രിയാ നാരായണൻകുട്ടി, ബോബിനാ സിറിയക്ക് , ഹെഡ്മിസ്ട്രസ് ശോഭന കുമാരി പി.റ്റി തുടങ്ങിയവർ പ്രസംഗിക്കും.
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന ഏക വിദ്യാലയമായ കോസടി ഗവൺമെന്റ് ട്രൈബൽ യു.പി സ്കൂൾ കെട്ടിടം കാലപ്പഴക്കം മൂലം ഏറെ ജീർണാവസ്ഥയിലായിരുന്നു.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് സ്കൂളിന്റെ പുതിയ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചതോടുകൂടി സ്കൂൾ കെട്ടിടത്തിന്റെ അഭാവം മൂലം ഉണ്ടായിരുന്ന പരാധീനതകൾ പരിഹരിച്ച് സ്മാർട്ട് ക്ലാസ്സ് റൂമുകളും മികച്ച അനുബന്ധ സൗകര്യങ്ങളുമുള്ള സ്കൂൾ കെട്ടിടം പ്രവർത്തനസജ്ജമായിരിക്കുകയാണ്. ഇതോടുകൂടി സ്കൂളിന്റെ പ്രവർത്തനവും നിലവാരവും കൂടുതൽ മെച്ചപ്പെടുമെന്ന് പ്രദേശവാസികൾ പ്രതീക്ഷിക്കുന്നു.