മാലിന്യമുക്ത കേരളത്തിനായി കുട്ടികളോട് സംവദിച്ച് കളക്ടർ

ജില്ലാകളക്ടർ ജോൺ വി. സാമുവൽ

Feb 6, 2025
മാലിന്യമുക്ത കേരളത്തിനായി കുട്ടികളോട് സംവദിച്ച് കളക്ടർ
JOHN V SAMUEL D C

കോട്ടയം: ''മാലിന്യമില്ലാത്ത കേരളം കെട്ടിപ്പടുക്കാൻ നിങ്ങൾ സഹായിക്കുമോ?' ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ ചോദ്യം വടവാതൂർ ഗിരിദീപം ബഥനി ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളോടായിരുന്നു.  'യെസ് സർ...'  ഒരേ സ്വരത്തിൽ മറുപടിയെത്തി.  
''ഇനി എല്ലാം ദിവസവും നിങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഒരു മാലിന്യവും അലക്ഷ്യമായി വലിച്ചെറിയരുത്. മാലിന്യം തരംതിരിച്ച് അഴുകി പോകുന്നവയും പോകാത്തവയും എന്ന് വേർതിരിച്ച്  ഒഴിവാക്കണം.''-  ജില്ലാ കളക്ടർ കുട്ടികളോട് ആവശ്യപ്പെട്ടു. ഒരു മാലിന്യവും കൂന്നുകൂട്ടി ഇടരുതെന്നും പ്‌ളാസ്റ്റിക് പോലുള്ളവ  മണ്ണിൽ കിടന്ന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും കളക്ടർ പറഞ്ഞു. |
മാലിന്യമുക്ത നവകേരള പദ്ധതിയുടെ ഭാഗമായി ഗിരിദീപം  ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന കുട്ടികളുടെ ചിത്ര പ്രദർശനം 'കാഴ്ച'യുടെ ജില്ലാതല ഉദ്ഘാടനം  നിർവഹിക്കുകയായിരുന്നു കളക്ടർ. കുട്ടികളിൽ മാലിന്യമുക്ത  അവബോധം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ശുചിത്വ മാലിന്യ സംസ്‌കരണം വിഷയമാക്കി കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ബ്ലോക്ക് തലത്തിലും മുനിസിപ്പൽ തലത്തിലും പ്രദർശനം നടന്നുവരികയാണ്.
 ഗിരിദീപം ബഥനി സ്‌കൂളിൽ നടന്ന ചടങ്ങിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു.  ശുചിത്വ പ്രതിജ്ഞയും പ്രൊഫ. ടോമിച്ചൻ ജോസഫ് ചൊല്ലിക്കൊടുത്തു
 ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ, സ്ഥിരം സമിതി അധ്യക്ഷൻ സിബി ജോൺ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷീലമ്മ ജോസഫ്, ദീപാ ജീസസ്, റെയ്ച്ചൽ കുര്യൻ,  ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ ലക്ഷ്മി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി. മഹേഷ്, ഗിരിദീപം ബഥനി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ. സൈജു കുര്യൻ എന്നിവർ പ്രസംഗിച്ചു.  

 
ഫോട്ടോ ക്യാപ്ഷൻ:
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വടവാതൂർ ഗിരിദീപം ബഥനി ഹയർസെക്കൻഡറി സ്‌കൂളിൽ കുട്ടികളുടെ  ചിത്രം പ്രദർശനത്തിന്റെ ഉദ്ഘാടനം  ജില്ലാകളക്ടർ ജോൺ വി. സാമുവൽ നിർവഹിക്കുന്നു.  

പാതയോര സൗന്ദര്യവൽക്കരണം: പിന്തുണയുമായി സ്‌കൂളുകളും

കോട്ടയം: ജില്ലയിലെ  പാതയോരങ്ങളും നഗരകേന്ദ്രങ്ങളും മനോഹരമാക്കുന്നതിന് ജില്ലാ ഭരണകേന്ദ്രം തയാറാക്കുന്ന പദ്ധതിക്ക് പിന്തുണ ഉറപ്പുനൽകി സ്‌കൂളുകളും.
പദ്ധതിയുമായി ബന്ധപ്പെട്ട്  കോട്ടയം, ഏറ്റുമാനൂർ, പാലാ നഗരസഭകളുടെ പരിധിയിലുള്ള  സ്‌കൂളുകളിലെ  പ്രിൻസിപ്പൽമാരും  പ്രഥമാധ്യാപകരും പങ്കെടുത്ത യോഗം  ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലയിലെ നഗരസഭാപരിധികളിലുള്ള കോളജ് അധികൃതരുടെ യോഗം കഴിഞ്ഞദിവസം കളക്ടർ വിളിച്ചുചേർത്തിരുന്നു.
 ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വിളിച്ചുചേർത്ത യോഗത്തിൽ തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ സ്‌കൂൾ അധികൃതർ വിശദീകരിച്ചു. വിദ്യാലയങ്ങളുടെ മുൻപിലൂടെ കടന്നുപോകുന്ന റോഡിന്റെ അരികുകൾ ഹരിതാഭമാക്കി മനോഹരമാക്കണമെന്നു ജില്ലാ കളക്ടർ നിർദേശിച്ചു. ഇതിനായി വയ്ക്കുന്ന ചെടികൾ വേനൽക്കാലത്ത് നനയ്ക്കുന്നതിന് നഗരസഭകളുടെ സഹായം ലഭ്യമാക്കുമെന്നും കളക്ടർ പറഞ്ഞു.
 ജില്ലയിലെ നഗരങ്ങൾ സൗന്ദര്യവത്കരിക്കാനും വലിച്ചെറിയൽ മുക്തമാക്കാനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജനകീയ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു യോഗം വിളിച്ചുചേർത്തത്. ആദ്യഘട്ടത്തിൽ ജില്ലയിലെ ആറു നഗരസഭകളിലെ പാതയോരങ്ങളും പുഴയോരങ്ങളും പൂന്തോട്ടങ്ങളടക്കം ഒരുക്കി സൗന്ദര്യവത്കരിക്കാനാണ് പദ്ധതിയിടുന്നത്. മാർച്ച് രണ്ടാംവാരത്തോടെ തുടങ്ങി മേയ് മാസത്തോടെ പൂർത്തിയാക്കുന്ന തരത്തിലാണ് ആലോചനകൾ നടക്കുന്നത്. .
യോഗത്തിൽ ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ലക്ഷ്മി പ്രസാദ്, ജില്ലാ പ്രോഗ്രാം ഓഫീസർ നോബിൾ മാത്യു എന്നിവർ പങ്കെടുത്തു.


ഫോട്ടോക്യാപ്ഷൻ: ജില്ലയിലെ  പാതയോരങ്ങൾ മനോഹരമാക്കുന്ന
പദ്ധതിയുമായി ബന്ധപ്പെട്ട്  വിളിച്ചുചേർത്ത സ്‌കൂൾ അധികൃതരുടെ യോഗത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ സംസാരിക്കുന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.