സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന്റെ മുന്നേറ്റത്തിന് ആക്കം കൂട്ടാൻ കാസർഗോഡ് മൊഗ്രാല്‍ സ്വദേശിയും
സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന്റെ മുന്നേറ്റത്തിന് ആക്കം കൂട്ടാൻ കാസർഗോഡ് ജില്ലയിലെ മൊഗ്രാല്‍ സ്വദേശി എം.എല്‍. അബൂബക്കര്‍ ദില്‍ഷാദ്. മിഡ്ഫീല്‍ഡറായ ദില്‍ഷാദാണ് 22 അംഗ കേരള ടീമില്‍ ഇടം നേടിയ ഏക കാസര്‍ഗോഡ് സ്വദേശി. കഴിഞ്ഞവട്ടം ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാത്തതിന്റെ സങ്കടമാണ് ഈ 29കാരന് തീര്‍ത്തിരിക്കുന്നത്. മൊഗ്രാല്‍-പുത്തൂര്‍ ജിഎച്ച്എസ്എസില്‍ പ്ലസ്ടു വിദ്യാര്‍ഥിയായിരിക്കെയാണ് ദില്‍ഷാദ് 1ഫുട്ബോളിനെ ഗൗരവമായി കാണുന്നത്. കുമ്പള ഫുട്ബോള്‍ അക്കാദമിയിലെ പരിശീലനം കൈമുതലാക്കി 16-ാം വയസില്‍ കളത്തിലിറങ്ങിയ ദില്‍ഷാദ് 20-ാം വയസില്‍ പ്രഫഷണല്‍ ഫുട്ബോളറായി 2016ല്‍ ജില്ലാ ഫുട്ബോള്‍ ടീം വൈസ് ക്യാപ്റ്റനായി. മംഗളൂരു സര്‍വകലാശാലയില്‍ ബിബിഎമ്മിനു ചേര്‍ന്നപ്പോഴും ഫുട്ബോള്‍ തന്നെയായിരുന്നു മനസിൽ. ഗോവയില്‍ സെക്കന്‍ഡ് ഡിവിഷന് ലീഗ് കളിച്ചായിരുന്നു തുടക്കം. 2021ല്‍ ഗോകുലം കേരള എഫ്സി ടീമിനു വേണ്ടി ബൂട്ടണിഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷം കേരള പ്രീമിയര്‍ ലീഗില്‍ റിയല്‍ മലബാര്‍ എഫ്സിയുടെ താരമാണ്. കെപിഎല്ലിലെ കഴിഞ്ഞ സീസണില്‍ ആറു ഗോളുകള്‍ നേടി ഗോള്‍വേട്ടക്കാരില്‍ ദില്‍ഷാദ് മുന്‍നിരയിലായിരുന്നു. നാഗ്പൂര്‍ സര്വകലശാലയില് നിന്നും ഫിസിക്കല്‍ എഡ്യുക്കേഷനിലും ബിരുദം നേടി. മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ് ഫുട്ബോള്‍ ടീം മാനേജരും മുന്‍ ജില്ലാ ഫുട്ബോള്‍ ടീം മാനേജരുമായ എം.എല്‍. അബ്ബാസിന്റെയും അസൂറയുടെയും മകനാണ്. ദില്ഖിഷ്, റിസ ഫാത്തിമ എന്നിവര്‍ സഹോദരങ്ങളാണ്. 22നു പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ ആദ്യമത്സരം.


