2034 ലോകകപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയില്‍
ഫുട്‌ബോള്‍ ലോകകപ്പിന് ആദ്യമായി സൗദി അറേബ്യ വേദിയാകും
സൗദി അറേബ്യ : 2034-ലെ പുരുഷ ഫുട്‌ബോള്‍ ലോകകപ്പിന് ആദ്യമായി സൗദി അറേബ്യ വേദിയാകും. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ 2030 ടൂര്‍ണമെന്റിന് സംയുക്ത ആതിഥേയത്വം വഹിക്കുമെന്നും ഫിഫ സ്ഥിരീകരിച്ചു. ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്റെ നൂറാം വാര്‍ഷികത്തിലാണ് 2030 ലോക കപ്പ് നടക്കുക. അര്‍ജന്റീന, പരാഗ്വേ, ഉറുഗ്വേ എന്നിവിടങ്ങളില്‍ മൂന്ന് മത്സരങ്ങള്‍ നൂറാം വാര്‍ഷികത്തിന്റെ നടക്കുമെന്നും ഫിഫ അറിയിച്ചു. ബുധനാഴ്ച നടന്ന പ്രത്യേക ഫിഫ യോഗത്തിലാണ് രണ്ട് ലോകകപ്പുകള്‍ക്കും ആതിഥേയരെ വോട്ടെടുപ്പിലൂടെ കണ്ടെത്തിയത്. ഫിഫയിലെ 211 അംഗരാജ്യങ്ങളും ഉള്‍ക്കൊള്ളുന്ന വീഡിയോയും യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു.
രണ്ട് ടൂര്‍ണമെന്റുകള്‍ നടക്കേണ്ട രാജ്യങ്ങളെയും 2030-ലെ ശതാബ്ദി ആഘോഷങ്ങള്‍ നടത്തേണ്ട രാജ്യങ്ങളെയും രണ്ട് വ്യത്യസ്ത വോട്ടെടുപ്പ് വഴി കണ്ടെത്തി. ഉറുഗ്വായ്, പരാഗ്വേ, അര്‍ജന്റീന എന്നീ വേദികള്‍ ശതാബ്ദി ആതിഥേയരായി ആദ്യം തെരഞ്ഞെടുക്കുകയായിരുന്നു. പിന്നാലെ 2030-ലെ ടൂര്‍ണമെന്റ് നടക്കേണ്ട രാജ്യങ്ങളെയും തുടര്‍ന്ന് 2034 ടൂര്‍ണമെന്റിന് വേദിയൊരുക്കേണ്ട രാജ്യത്തെയും തെരഞ്ഞെടുത്തു. എല്ലാ 211 അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തിന് മുമ്പ് നടന്ന വോട്ടിങില്‍ പങ്കാളികളായതായി ഫിഫ സെക്രട്ടറി ജനറല്‍ മത്തിയാസ് ഗ്രാഫ്സ്‌ട്രോം പറഞ്ഞു.