ക്രിക്കറ്റ് ലോകകപ്പ് നേടുന്ന ആദ്യ മലയാളിവനിതയായി വി.ജെ. ജോഷിത

സുൽത്താൻ ബത്തേരി സെയ്‌ന്റ് മേരീസ് കോളേജിൽ ബിരുദവിദ്യാർഥിയായ ജോഷിത ഇക്കുറി വനിതാ പ്രീമിയർ ലീഗിലും ഇടംനേടി. റോയൽ ചലഞ്ചേഴ്‌സ്‌ ബെംഗളൂരു ടീമാണ്‌ ലേലത്തിലെടുത്തത്‌

Feb 3, 2025
ക്രിക്കറ്റ് ലോകകപ്പ് നേടുന്ന ആദ്യ മലയാളിവനിതയായി  വി.ജെ. ജോഷിത
vj-joshita

കല്പറ്റ: സുനിൽ വാത്സൻ, എസ്. ശ്രീശാന്ത്, സഞ്ജു സാംസൺ. വിവിധകാലങ്ങളിൽ ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റ് ലോകകപ്പ് നേടുമ്പോൾ ടീമിലുണ്ടായിരുന്ന മലയാളികളാണിവർ. ഇക്കുറി അണ്ടർ-19 ട്വന്റി 20 ലോകകപ്പ് നേടിയ വനിതാടീമിലെ അംഗമായ വി.ജെ. ജോഷിത ആ പട്ടികയിലേക്ക് നടന്നുകയറുമ്പോൾ ആദ്യ മലയാളിവനിത എന്ന പ്രത്യേകതയുമുണ്ട്

ഞായറാഴ്ച ലോകകപ്പ് നേടുമ്പോൾ ഗ്രാമത്തുവയലിലെ ജോഷിതയുടെ വീട്ടിലും ആവേശം നിറഞ്ഞു. ജോഷിതയുടെ അമ്മ ശ്രീജയും സഹോദരി ജോഷ്നയും ജോഷ്നയുടെ മകൾ ആരാധ്യയും ഒരുമിച്ചിരുന്നാണ് ടി.വി.യിൽ മത്സരം കണ്ടത്. ‘ഈ വിജയം അവളുടെ സ്വപ്നമായിരുന്നു. എല്ലാവർക്കും നന്ദി’ -ഫോൺവിളികൾക്ക് മറുപടിപറയുമ്പോൾ സന്തോഷംകൊണ്ട് ശ്രീജയുടെ വാക്കുകൾ മുറിഞ്ഞു. വയനാട് കൃഷ്ണഗിരി ക്രിക്കറ്റ്‌ അക്കാദമിയുടെയും കേരള ക്രിക്കറ്റ് അസോസിയേഷന്റെയും പരിശീലകരുടെയും പിന്തുണയ്ക്ക് നന്ദി. ഇന്ത്യൻ സീനിയർടീമാണ് അവളുടെ ലക്ഷ്യം. അതും സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു -ശ്രീജ പറഞ്ഞു. ഹോട്ടലിൽ ജോലിയുള്ളതിനാൽ അച്ഛൻ ജോഷി വീട്ടിലുണ്ടായിരുന്നില്ല. സുൽത്താൻ ബത്തേരി സെയ്‌ന്റ് മേരീസ് കോളേജിൽ ബിരുദവിദ്യാർഥിയായ ജോഷിത ഇക്കുറി വനിതാ പ്രീമിയർ ലീഗിലും ഇടംനേടി. റോയൽ ചലഞ്ചേഴ്‌സ്‌ ബെംഗളൂരു ടീമാണ്‌ ലേലത്തിലെടുത്തത്‌

കല്പറ്റ മൈതാനി ഗ്രാമത്തുവയൽ ജോഷിയുടെയും ശ്രീജയുടെയും മകളായ ജോഷിത ‌മുണ്ടേരി ജി.വി.എച്ച്.എസ്.എസിൽ ആറാംക്ലാസിൽ പഠിക്കുമ്പോഴാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിൽ എത്തിയത്. സജന സജീവൻ, മിന്നു മണി എന്നിവരുടെ വഴി പിന്തുടർന്ന് പടിപടിയായി വളർന്നു. കഴിഞ്ഞവർഷം പുണെയിൽ നടന്ന ത്രിരാഷ്ട്രകപ്പിലെ മികച്ചപ്രകടനത്തോടെ അണ്ടർ 19 ഏഷ്യാകപ്പിനുള്ള ഇന്ത്യൻടീമിൽ ഇടംനേടി. അവിടെയും തിളങ്ങിയതോടെ ലോകകപ്പ് ടീമിലെത്തി. ലോകകപ്പിലെ ആദ്യമത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരേ അഞ്ചുറൺസിന് രണ്ടുവിക്കറ്റുമായി കളിയിലെ താരമായി. ടൂർണമെന്റിൽ ആകെ ആറുവിക്കറ്റ് നേടി

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.