കോപ്പ അമേരിക്കയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബ്രസീല്‍
പല പ്രധാന താരങ്ങളേയും ഒഴിവാക്കിയാണ് കോച്ച് ഡോറിവല്‍ ജൂനിയര്‍ 23 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിട്ടുള്ളത്
ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ബ്രസീല്‍ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. പല പ്രധാന താരങ്ങളേയും ഒഴിവാക്കിയാണ് കോച്ച് ഡോറിവല്‍ ജൂനിയര്‍ 23 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലെ റണ്ണറപ്പുകളാണ് ബ്രസീല്‍.ടോട്ടനം സ്‌ട്രൈക്കര്‍ റിച്ചാര്‍ലിസണ്‍, ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജെസ്യുസ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ കസെമിറോ, ആന്റണി എന്നിവര്‍ ടീമിലില്ല. കാല്‍മുട്ടിലെ ലിഗമെന്റ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായതിനാല്‍ നെയ്മറും ടീമിലില്ല. കഴിഞ്ഞ ഒക്ടോബറില്‍ യുറഗ്വായ്‌ക്കെതിരായ മത്സരത്തിനിടെയാണ് നെയ്മര്‍ക്ക് പരിക്കേല്‍ക്കുന്നത്. ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയെ ടീമിലെടുത്തിട്ടുണ്ട്.പാല്‍മിറാസിന്റെ 17-കാരനായ സ്‌ട്രൈക്കര്‍ എന്‍ഡ്രിക്ക് ടീമിലിടംപിടിച്ചിട്ടുണ്ട്.