പെരിന്തല്‍മണ്ണ താലൂക്കിലെ ഗ്രാമപ്രദേശങ്ങളില്‍ 60 പുതിയ ബസ് റൂട്ടുകള്‍ അനുവദിക്കണമെന്ന് ജനസദസ്സ്
മോട്ടോര്‍വാഹനവകുപ്പ് പെരിന്തല്‍മണ്ണ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജനസദസ്സിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്.
 
                                    മലപ്പുറം : പെരിന്തല്‍മണ്ണ താലൂക്കിലെ ഗ്രാമപ്രദേശങ്ങളിലെ പൊതുഗതാഗതസൗകര്യം മെച്ചപ്പെടുത്താന്‍ പുതിയ 60 റൂട്ടുകള്‍ അനുവദിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും പൊതുജനങ്ങളും. മോട്ടോര്‍വാഹനവകുപ്പ് പെരിന്തല്‍മണ്ണ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജനസദസ്സിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്. പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതുവഴി സ്വകാര്യവാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനാവുമെന്ന് ജനസദസ്സ് ഉദ്ഘാടനം ചെയ്ത നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു. അതുവഴി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെടും. പൊതുഗതാഗതസംവിധാനം മെച്ചപ്പെടുത്താനും ഇക്കാര്യത്തില്‍ പൊതുനയം രൂപീകരിക്കാനും സര്‍ക്കാര്‍ നേരിട്ട് സംഘടിപ്പിക്കുന്ന ജനസദസ്സ് വളരെ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമുള്ള റൂട്ടുകള്‍ കണ്ടെത്തുകയും പ്രായോഗികമായി അത് നടപ്പിലാക്കുകയും ചെയ്യണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മഞ്ഞളാംകുഴി അലി എം.എല്‍.എ പറഞ്ഞു. പുതിയ റൂട്ടുകള്‍ തുടങ്ങുകയും അല്പദിവസത്തിനകം നിര്‍ത്തുകയും ചെയ്യുന്ന അവസ്ഥയുണ്ടാകാത്ത വിധം ഇത് കാര്യക്ഷമമായി നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലകളില്‍ ജനങ്ങള്‍ നേരിടുന്ന യാത്രാദുരിതം ജനപ്രതിനിധികളും പൊതുജനങ്ങളും ജനസദസ്സില്‍ ഉന്നയിച്ചു. ഓണ്‍ലൈന്‍ വഴിയും പുതിയ റൂട്ടുകള്‍ സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. ആവശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചശേഷം സെപ്തംബര്‍ ഒന്നിനകം തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ആര്‍.ടി.ഒ പി.എ നസീര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ പി.ഷാജി അധ്യക്ഷത വഹിച്ചു. ജോയിന്റ് ആര്‍.ടി.ഒ എം.രമേശ് വിഷയാവതരണം നടത്തി. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.കെ മുസ്തഫ, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുള്‍ കരീം, ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് സി.സുകുമാരന്‍, പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ, വെട്ടത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എം മുസ്തഫ, മൂര്‍ക്കനാട് പഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ് എന്നിവര്‍ ജനസദസ്സില്‍ സംസാരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, പഞ്ചായത്തംഗങ്ങള്‍, സ്വകാര്യ ബസ് ഉടമകളുടെ സംഘടനാഭാരവാഹികള്‍, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍, തൊഴിലാളി സംഘടനാപ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് ജനകീയ സദസ്സ് സംഘടിപ്പിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            