ഹേമ കമ്മിറ്റി റിപ്പോർട്ട് ദേശീയ വനിതാ കമ്മീഷനുമായി കേരള വനിതാ കമ്മിഷൻ കൂടിക്കാഴ്ച നടത്തി

Sep 27, 2024
ഹേമ കമ്മിറ്റി റിപ്പോർട്ട് ദേശീയ വനിതാ കമ്മീഷനുമായി കേരള വനിതാ കമ്മിഷൻ കൂടിക്കാഴ്ച നടത്തി

സംസ്ഥാനത്ത് എത്തിയ ദേശീയ വനിതാ കമ്മിഷൻ അംഗം ദെലീന കോംങ്‌ദുപ്പിനെ കേരള വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ: പി.സതീദേവി സന്ദർശിച്ചു. വൈകിട്ട് 7.30 ന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച. കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ: പി സതീദേവി, കമ്മീഷൻ അംഗം അഡ്വ: ഇന്ദിരാ രവീന്ദ്രൻ, മെമ്പർ സെക്രട്ടറി സോണിയ വാഷിംഗ്ടൺ, ഡയറക്ടർ ഷാജി സുഗുണൻ ഐപിഎസ് എന്നിവരാണ് ദേശീയ വനിതാ കമ്മീഷൻ അംഗവുമായി തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് എന്തൊക്കെ കാര്യങ്ങൾ കേരള വനിതാ കമ്മീഷൻ ചെയ്തിട്ടുണ്ടെന്ന് അറിയുവാൻ ദേശീയ വനിത കമ്മീഷൻ അംഗം താല്പര്യപ്പെട്ടതായി കൂടിക്കാഴ്ചയ്ക്ക് ശേഷം കേരള വനിത കമ്മീഷൻ അധ്യക്ഷ അഡ്വ: പി സതീദേവി പറഞ്ഞു. ഇതുവരെ നടത്തിയ ഇടപെടലുകളെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിന് സഹായകമായ വിധത്തിൽ വിശദീകരിച്ചു. വിമൻ ഇൻ സിനിമാ കളക്ടീവ് പ്രതിനിധികളെ കാണുകയാണ് പ്രധാന ഉദേശങ്ങളിലൊന്ന് എന്ന് ദേശീയ വനിതാ കമ്മീഷൻ അംഗം അറിയിച്ചിട്ടുണ്ട്.