ഇടുക്കിയിൽ മഴ 46 ശതമാനം കുറവ്
അണക്കെട്ടുകളിലെ ജലനിരപ്പ് വർധിക്കുന്നില്ല
 
                                മൂലമറ്റം: കാലവർഷം പകുതി എത്തിയിട്ടും സംസ്ഥാനത്ത് വേണ്ടത്ര മഴ ലഭിച്ചിട്ടില്ല. ജൂൺ ഒന്നു മുതൽ ഇന്നലെ വരെ പ്രതീക്ഷിച്ചത് 891.9 മില്ലീമീറ്റർ മഴയാണ്. ലഭിച്ചതാകട്ടെ 631.2 മില്ലീമീറ്റർ മഴ മാത്രം. അതായത് 29 ശതമാനത്തിന്റെ കുറവ്. ഇടുക്കി, വയനാട് ജില്ലകളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്.ഇടുക്കിയിൽ 46 ശതമാനവും വയനാട് 44 ശതമാനവും മഴക്കുറവ് നേരിട്ടു. തിരുവനന്തപുരം, കണ്ണൂർ, കോട്ടയം ജില്ലകളിൽ മാത്രമാണ് പ്രതീക്ഷിച്ചെങ്കിലും അടുത്ത് എങ്കിലും മഴ ലഭിച്ചത്. കേരളതീരത്ത് ന്യുനമർദ പാത്തി ദുർബലമായതും കാലവർഷക്കാറ്റ് ദുർബലമായതും മഴക്കുറവിന് കാരണമായി.മഴയിൽ കുറവ് വന്നതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പും വർധിക്കുന്നില്ല. വൈദ്യുതി വകുപ്പിന്റെ ഡാമുകളിൽ ഈ മാസം ആദ്യം മുതൽ ഇന്നലെ വരെ ശരാശരി 35 ശതമാനം ജലം മാത്രമാണ് അവശേഷിക്കുന്നത്. ജൂലൈ മൂന്നിന് 36 ശതമാനത്തിലേക്ക് കടന്നെങ്കിലും വീണ്ടും താഴ്ന്ന് 35 ലേക്ക് എത്തി. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ ഇന്നലെ അവശേഷിക്കുന്നത് 38 ശതമാനം ജലമാണ്.കഴിഞ്ഞ വർഷം ഇതേ സമയം 24 ശതമാനം മാത്രമാണ് അവശേഷിച്ചിരുന്നത്. പമ്പ 30 (കഴിഞ്ഞ വർഷം-28), ഷോളയാർ 22 (45), ഇടമലയാർ 35 (29), കുണ്ടള 13 (44), മാട്ടുപെട്ടി 68 (41), കുറ്റ്യാടി 39 (61), പൊൻമുടി 30 (45), നേര്യമംഗലം 56 (44), പൊരിങ്ങൽ 65 (83), ലോവർപെരിയാർ 49 (48) ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്. സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്റെ ഡാമുകളിലെ ജലം ഉപയോഗിച്ച് 1483.02 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            