കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താത്കാലിക വിസിമാരെ നിയമിച്ചത് തടഞ്ഞു കൊണ്ട് ഹൈക്കോടതി

കൊച്ചി: കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താത്കാലിക വിസിമാരെ നിയമിച്ച ഗവർണർക്ക് തിരിച്ചടി. ഈ സർവകലാശാലകളിൽ സർക്കാർ പാനലിൽ നിന്നല്ലാതെ താത്കാലിക വിസിമാരെ നിയമിച്ച ഗവർണറുടെ നടപടി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.
ഇതിനെതിരെ ഗവർണർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. ജസ്റ്റീസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.വി.ബാലകൃഷ്ണൻ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ കേരള സാങ്കേതിക സർവകലാശാല വിസി ഡോ.കെ.ശിവപ്രസാദും ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ. സിസ തോമസും പുറത്താകും.
ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരുന്നപ്പോഴായിരുന്നു ഈ നിയമനം. ഇരു സർവകലാശാലകളിലും പുതിയ വൈസ് ചാൻസലറെ കണ്ടെത്താൻ സർക്കാർ പാനൽ നൽകിയെങ്കിലും ഗവർണർ ഡോ. ശിവപ്രസാദിനെയും ഡോ. സിസ തോമസിനേയും നിയമിക്കുകയായിരുന്നു.
സര്‍ക്കാര്‍ നല്കിയ പാനലിന് പുറത്തുനിന്നായിരുന്നു ചാന്‍സലറുടെ താത്കാലിക വിസി നിയമനമെന്നും ഇത് സര്‍വകലാശാല നിയമങ്ങളുടെ ലംഘനമാണ് എന്നുമാണ് സർക്കാർ വാദിച്ചത്. താത്കാലിക വിസിമാരുടെ കാലാവധി ആറ് മാസത്തിൽ കൂടുതലാകരുതെന്ന് ഡിവിഷൻ ബഞ്ച് നിർദേശിച്ചു.
വിദ്യാർഥികളുടെ താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിരം വിസി നിയമനത്തിലെ കാലതാമസം സർവകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.