അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല; ഇനി ‘അയ്യപ്പസംഗമം’ ഇല്ല: ശബരിമലയിൽ പൂർണ്ണ ഡിജിറ്റലൈസേഷൻ പ്രഖ്യാപിച്ച് ദേവസ്വം ബോർഡ്
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുതാര്യവും ഭക്തജനസൗഹൃദവുമാക്കാൻ വിപുലമായ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ശബരിമല അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും ഇനി 'ആഗോള അയ്യപ്പസംഗമം' പോലുള്ള പുതിയ പരിപാടികൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ വർഷം മുതൽ ശബരിമലയിൽ പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ വിവാദങ്ങളിൽ ബോർഡിന് കടുത്ത വേദനയുണ്ടെന്ന് വ്യക്തമാക്കിയ പ്രസിഡന്റ്, തീർത്ഥാടകർക്കായി വിപ്ലവകരമായ മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാന പരിഷ്‌കാരങ്ങൾ ഒറ്റനോട്ടത്തിൽ
മുറി ബുക്കിംഗിൽ വൻ അഴിച്ചുപണി: സന്നിധാനത്തുള്ള 690 മുറികളിൽ 550 എണ്ണവും ഇനി മുതൽ ഓൺലൈൻ വഴി നിർബന്ധിത ബുക്കിംഗിലൂടെ മാത്രമേ ലഭ്യമാക്കൂ. ഇതിനായുണ്ടായിരുന്ന മുൻകൂർ ഡെപ്പോസിറ്റ് തുക ഒഴിവാക്കി. പകരം മുറിവാടകയും 50 രൂപ സർവീസ് ചാർജ്ജും മാത്രം നൽകി മുറികൾ ബുക്ക് ചെയ്യാം. മുറികളുടെ പരിപാലനത്തിനായി ഹൗസ് കീപ്പിംഗ് സംവിധാനം ഔട്ട്സോഴ്സ് ചെയ്യും.
എ.ഐ (AI) സാങ്കേതികവിദ്യയും കൺട്രോൾ റൂമും:
തിരക്ക് നിയന്ത്രിക്കുന്നതിനായി സന്നിധാനത്ത് എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ക്രൗഡ് കൺട്രോൾ റൂം സ്ഥാപിക്കും. നവംബർ 1 മുതൽ 90 ദിവസത്തേക്ക് ബോർഡ് ആസ്ഥാനത്ത് കൺട്രോൾ റൂം പ്രവർത്തിക്കും.
ഒരു ദിവസം 5 പടിപൂജകൾ:
പടിപൂജയ്ക്ക് 2048 വരെ ബുക്കിംഗ് പൂർത്തിയായ സാഹചര്യത്തിൽ, ഭക്തരുടെ കാത്തിരിപ്പ് ഒഴിവാക്കാൻ തന്ത്രിയുടെ അനുമതിയോടെ ദിവസം ഒന്നിന് പകരം അഞ്ച് പടിപൂജകൾ വീതം നടത്തും.
ഇൻഷുറൻസ് ധനസഹായം:
തീർത്ഥാടനത്തിനിടെ മരണപ്പെട്ട 54 പേരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതം ഇൻഷുറൻസ് സഹായം നൽകും. തുടർ ഇൻഷുറൻസിനായി എൽ.ഐ.സിയുമായി ചർച്ച നടത്തും. അന്നദാനത്തിന് വ്യക്തിഗത സ്പോൺസർഷിപ്പില്ല: അന്നദാനത്തിന് ഇനി മുതൽ വ്യക്തികളിൽ നിന്ന് നേരിട്ട് സ്പോൺസർഷിപ്പ് സ്വീകരിക്കില്ല. കമ്പനികളുമായും സ്ഥാപനങ്ങളുമായും മാത്രമേ സ്പോൺസർഷിപ്പ് ഉണ്ടാവുകയുള്ളൂ. ഭക്തർക്ക് മാന്യമായ രീതിയിൽ കേരള സദ്യ നൽകും. കൂടാതെ, കർക്കിടകമാസം കഴിയുന്നതോടെ ക്ലീൻ കേരള കമ്പനിയുമായി ചേർന്ന് സന്നിധാനവും പരിസരവും ഡീപ്പ് ക്ലീനിംഗ് നടത്തുമെന്നും സന്നിധാനത്ത് പുതിയ തീർത്ഥക്കുളവും ശബരി ഗസ്റ്റ് ഹൗസിന് സമീപം പുതിയ മുറികളും നിർമ്മിക്കുമെന്നും കെ. ജയകുമാർ കൂട്ടിച്ചേർത്തു.


