ഒരു വീട്ടിൽ ഒരു സംരംഭം ലക്ഷ്യം: .മൂലധനത്തിനായി സബ്സിഡിയോടുകൂടി വായ്‌പ്പയും അനുവദിക്കും. മന്ത്രി പി. രാജീവ്.
സംരംഭം തുടങ്ങാൻ ആവശ്യമായ മൂലധനത്തിനായി സബ്സിഡിയോടെ വായ്പകൾ അനുവദിക്കും. വിപണി കണ്ടെത്താനും സർക്കാർ സഹായിക്കും.
ഒരു വീട്ടിൽ ഒരു സംരംഭം എന്നതാണ് നവ സംരംഭകർക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഏലൂർ മുനിസിപ്പൽ ഹാളിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷിക്കൊപ്പം, വിദ്യാർത്ഥികൾക്കൊപ്പം, യുവതക്കൊപ്പം, ലൈബ്രറികൾക്കൊപ്പം തുടങ്ങി കളമശ്ശേരി മണ്ഡലത്തിൽ നടപ്പാക്കിയ വിവിധ പരിപാടികളുടെ തുടർച്ചയാണ് നവ സംരംഭകർക്കൊപ്പം പദ്ധതി.
വിവാഹശേഷം വീടുകളിൽ ഒതുങ്ങിക്കൂടുന്ന വനിതകളുടെ മാനവ വിഭവ ശേഷി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അവരെ സംരംഭകത്വത്തിലേക്കോ തൊഴിലുകളിലേക്കോ നയിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശങ്ങളിൽ ഒന്ന്. അതിന് വേണ്ട വിദഗ്ധ പരിശീലനം വ്യവസായ വകുപ്പ് വിജ്ഞാന കേരളം പദ്ധതിയുമായി സഹകരിച്ച് നൽകും.
ഒഴിവു സമയം ഉപകാരപ്രദമായ കാര്യങ്ങൾക്കായി മാറ്റിവെക്കണം പുതിയ നിയമങ്ങൾ പ്രകാരം വീടിൻറെ 50 ശതമാനം സ്ഥലം വ്യവസായത്തിന് വേണ്ടി ഉപയോഗിക്കാൻ കഴിയും. ഒഴിഞ്ഞു കിടക്കുന്ന വീടുകൾ ആണെങ്കിൽ നൂറ് ശതമാനവും വ്യവസായത്തിനായി ഉപയോഗിക്കാം. ഇത്തരം സൗകര്യങ്ങൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
സംരംഭം തുടങ്ങാൻ ആവശ്യമായ മൂലധനത്തിനായി സബ്സിഡിയോടെ വായ്പകൾ അനുവദിക്കും. വിപണി കണ്ടെത്താനും സർക്കാർ സഹായിക്കും. റേഷൻ കടകളില കെ-സ്റ്റോർ വഴിയും ഓൺലൈൻ സംവിധാനം വഴിയും വിപണി കണ്ടെത്താനാകും. സംരംഭങ്ങൾ ആരംഭിക്കുമ്പോൾ വെല്ലുവിളികൾ ഉണ്ടാകുമെന്നും അതിനെ പക്വതയുടെ നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ ലൈജി സജീവൻ അധ്യക്ഷയായ ചടങ്ങിൽ സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ കെ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയോടനുബന്ധിച്ച് നടന്ന സംരംഭക ശില്പശാലയുടെയും വായ്പാമേളയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
പിന്നാക്ക വികസന കോർപ്പറേഷൻ്റെ 2,16,7000 രൂപയുടെ ചെക്ക് കുടുംബശ്രീ തൃക്കാക്കര വെസ്റ്റ് യൂണിറ്റിന് കൈമാറി. വനിതാ വികസന കോർപ്പറേഷന്റെ 82,71,000 രൂപയുടെയും പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ 6,50,000 രൂപയുടെ ചെക്കും ഏലൂർ സിഡിഎസിനാണ് ലഭിച്ചത്. വ്യക്തിഗത ഇനത്തിൽ രണ്ടുപേർക്കായി രണ്ടേകാൽ ലക്ഷം രൂപയുടെ ചെക്കുകളും നൽകി.
ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ്, സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ വി.സി ബിന്ദു, പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മാനേജും ഡയറക്ടർ വി.പി സുബ്രഹ്മണ്യൻ, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ പി. സ്വപ്ന തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നടന്ന ടെക്നിക്കൽ സെഷനുകളിൽ കൊച്ചി നഗരസഭ വ്യവസായ വികസന ഓഫീസർ ജയ്സൺ ഡേവിഡ്, പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ജില്ലാ മാനേജർ എ. ഹരികുമാർ, വനിതാ വികസന കോർപ്പറേഷൻ മാനേജർ എം.ആർ രംഗൻ, പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ മാനേജർ പി പി ജതിൻ തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു.


