വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല; ധനബില്ലിൽ നിലവിലെ നിരക്ക് തുടർന്നേക്കും
സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച വീര്യം കുറഞ്ഞ മദ്യത്തിന്റെ (Low-Alcohol Liquor) നികുതി ഘടനയിൽ പെട്ടെന്ന് മാറ്റം വരുത്താൻ ഇടയില്ലെന്ന് സൂചന. ജൂലൈ ഒന്നിന് നിയമസഭയിൽ അവതരിപ്പിക്കുന്ന ധനബില്ലിൽ, നിലവിൽ ബജറ്റിൽ പ്രഖ്യാപിച്ച നികുതി ഘടന തന്നെ തുടർന്നേക്കുമെന്നാണ് വിവരം. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഭരണ-പ്രതിപക്ഷ ചേരികളിൽ നിന്നും കടുത്ത പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്ന പശ്ചാത്തലത്തിലും നികുതി നിർദേശത്തിൽ നിന്ന് സർക്കാർ പെട്ടെന്ന് യു-ടേൺ അടിക്കില്ലെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. എന്നാൽ, ഈ വിഷയത്തിൽ മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച് ആവശ്യമായ ആശയവിനിമയം നടത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ തീരുമാനിച്ചിട്ടുണ്ട്. 0.5% മുതൽ 20% വരെ വീര്യമുള്ള പാനീയങ്ങൾക്ക് പ്രത്യേക നികുതി ഘടന നിശ്ചയിച്ചത് മദ്യവിൽപ്പനയ്ക്കുള്ള നേരിട്ടുള്ള അനുമതിയല്ലെന്നും, ഇതൊരു നികുതി നിർദേശം മാത്രമാണെന്നുമാണ് സർക്കാരിന്റെ വിശദീകരണം. വരും ദിവസങ്ങളിൽ മുന്നണി നേതാക്കളുമായും മുതിർന്ന കോൺഗ്രസ് നേതാക്കളുമായും ചർച്ച നടത്തി വിഷയം കൂടുതൽ വ്യക്തതയോടെ കൈകാര്യം ചെയ്യാനാണ് ഭരണനേതൃത്വം ലക്ഷ്യമിടുന്നത്. അതിനിടെ, വിവാദ മദ്യനയത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ വി എം സുധീരൻ തുറന്നടിക്കുന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ചത് പിൻവലിക്കണമെന്നും ധനബില്ലിൽ നികുതി ഘടന പാടില്ലെന്നും സുധീരൻ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു..


