സാങ്കേതിക സർവകലാശാല പരീക്ഷാ ഫലം പ്രഖ്യാപിച്ചു. : വിജയശതമാനം 60.1
എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ 2026 അധ്യയന വർഷത്തെ ബി ടെക്, ബി ഡെസ്, ബി എച് എം സി ടി ബിരുദ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ബി.ടെക് പരീക്ഷയിൽ 60.1 ആണ് വിജയശതമാനം. മുൻ വർഷം 51 ആയിരുന്നു. ബി എച്ച് എം സി ടി, ബി ഡെസ് ബാച്ചുകൾക്ക് യഥാക്രമം 76.1, 84.72 ആണ് വിജയശതമാനമെന്ന് സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന ഫലപ്രഖ്യാപനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ അറിയിച്ചു. മെയ് 16 ന് അവസാനിച്ച അവസാന സെമസ്റ്റർ പരീക്ഷകളുടെ ഫലവും ഏഴാം സെമസ്റ്റർ സപ്ളിമെന്ററി പരീക്ഷകളുടെ ഫലവും ക്രോഡീകരിച്ച ശേഷമാണ് 26 ദിവസത്തിനകം 2026 ബാച്ചിന്റെ ഫലം പ്രഖ്യാപിച്ചത്. 127 എൻജിനീയറിങ് കോളേജുകളിൽ 40 എൻജിനീയറിങ് ബ്രാഞ്ചുകളിലായി 30,810 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഇതിൽ 18,515 വിദ്യാർഥികൾ വിജയിച്ചു. പരീക്ഷയെഴുതിയ 11937 പെൺകുട്ടികളിൽ 9203 പേർ വിജയിച്ചു. വിജയ ശതമാനം 77.1. 18,873 ആൺകുട്ടികൾ പരീക്ഷ എഴുതിയതിൽ 9322 പേർ വിജയിച്ചു. വിജയ ശതമാനം 49.4. 9 ന് മുകളിൽ ഗ്രേഡുള്ള വിദ്യാർഥികളുടെ എണ്ണം 1376 ആണ്. 8 നു മുകളിൽ ഗ്രേഡുള്ളത് 6309 വിദ്യാർഥികൾക്കുമാണ്. നാലാം സെമസ്റ്റർ വരെ 8.5 മുകളിൽ ഗ്രേഡ് നേടുകയും തുടർന്ന് നാല് അധിക വിഷയങ്ങൾ പഠിച്ച് അധികമായി 20 ക്രെഡിറ്റുകൾ നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്കാണ് ബി.ടെക് ഓണേഴ്‌സ് നൽകുന്നത്. ഈ വർഷം 965 വിദ്യാർഥികൾ ബി.ടെക് ഓണേഴ്‌സ് ബിരുദത്തിന് അർഹരായി. സർവകലാശാല 'മൈനർ ഇൻ എൻജിനീയറിങ്' നടപ്പിലാക്കിയതിന് ശേഷമുള്ള നാലാമത്തെ ബി.ടെക്. ബാച്ചാണ് ഈ വർഷം പുറത്തിറങ്ങുന്നത്. ഈ വർഷം 2207 വിദ്യാർഥികൾ ബി.ടെക്. മൈനർ ബിരുദത്തിന് അർഹരായി. ഓണേഴ്‌സും മൈനറും ഒരുമിച്ചു നേടിയത് 310 വിദ്യാർഥികളാണ്. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ് ആണ് വിജയശതമാനത്തിൽ ഏറ്റവും മുൻപിലുള്ളത്. 86.2 ആണ് കോളേജിന്റെ വിജയശതമാനം. പൂജപ്പുര എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ (85.9%) രണ്ടാം സ്ഥാനവും മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (85.8%) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാലും അഞ്ചും സ്ഥാനങ്ങളിൽ യഥാക്രമം ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളേജും (85.1%) മോഡൽ എൻജിനീയറിങ് കോളേജും (82.6%) ആണ്. 40 ശതമാനത്തിന് മുകളിൽ വിജയശതമാനം നേടിയത് 82 കോളേജുകളും, 50 ശതമാനത്തിന് മുകളിൽ വിജയശതമാനം നേടിയത് 62 കോളേജുകളുമാണ്. പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർഥികളെയും കൃത്യസമയത്ത് ഫലം പ്രസിദ്ധീകരിക്കാൻ സഹകരിച്ച എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽമാരെയും അധ്യാപകരെയും ക്യാമ്പ് ഓഫീസർമാരെയും സർവകലാശാലയിലെ ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. ജൂൺ 15, 17, 19 ന് വിവിധ കോളേജുകളിൽ സംഘടിപ്പിക്കുന്ന കെ ടി യു ടെക്നിക്കൽ എഡ്യൂക്കേഷൻ കോൺക്ലേവ് 'സോർ 2026' ന്റെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. എൻജിനീയറിങ് പഠനം ലക്ഷ്യമിടുന്ന പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അതിന്റെ സാധ്യതകളെ അടുത്തറിയാൻ കെ ടി യു ഒരുക്കുന്ന അവസരം പ്രയോജനപ്പെടുത്താനും റോജി എം ജോൺ ആഹ്വാനം ചെയ്തു. കേരളത്തിലെ 30 എൻജിനീയറിങ് കോളേജുകളിൽ 'സോർ' കോൺക്ലേവ് നടക്കും. സർവകലാശാല ക്യാമ്പസ് നിർമാണം വേഗത്തിലാക്കാനും സർവകലാശാല സ്‌കൂളുകളിലെ അഡ്മിഷൻ കൂട്ടാനുമുള്ള നടപടികൾ സർവകശാലയും സർക്കാരും ചേർന്ന് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വൈസ് ചാൻസലർ ഡോ. സിസ തോമസ്, പരീക്ഷ കൺട്രോളർ (ഇൻ ചാർജ്) ഡോ. ലിബീഷ് ടി എം, രജിസ്ട്രാർ (ഇൻ ചാർജ്) ഗോപിൻ ജി, ഡീൻ (അക്കാദമിക്സ്) ഡോ. വിനു തോമസ്, ജോയിന്റ് ഡയറക്ടർ (അക്കാദമിക്സ്) ഡോ ബിജോയ് എബ്രഹാം, അസിസ്റ്റന്റ് ഡയറക്ടർ (അക്കാദമിക്സ്) സുർജിത് എസ്, പരീക്ഷ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർമാരായ ആനന്ദ്, സലിൽ റോഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


