ചിന്നക്കനാലിലെ കുട്ടികളുടെ സംരക്ഷണം വനംവകുപ്പ് ഏറ്റെടുക്കും :

Jun 9, 2026
ചിന്നക്കനാലിലെ കുട്ടികളുടെ സംരക്ഷണം വനംവകുപ്പ് ഏറ്റെടുക്കും :

ഷിബു ബേബി ജോൺ ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട മാരിയുടെ മക്കളുടെ സംരക്ഷണം വനം വകുപ്പ് ഏറ്റെടുക്കുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. കുട്ടികളുടെ പേരിൽ എഫ്ഡി അക്കൗണ്ട് ആരംഭിച്ച്, നഷ്ടപരിഹാര തുകയുടെ ആദ്യഗഡുവായ 5 ലക്ഷം രൂപ അതിൽ നിക്ഷേപിക്കും. അവരുടെ 18 വയസ്സ് വരെയുള്ള വിദ്യാഭ്യാസ ചെലവുകൾ, റേഷനിങ് എന്നിവയും വനം വകുപ്പ് ഏറ്റെടുക്കും. മറ്റു ചിലവുകൾക്കായി എല്ലാ മാസവും 5000 രൂപ വീതം നൽകും. ഇത് കൂടാതെ ഈ കുട്ടികളുടെ മെന്ററായി ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. വനിത ശിശു വികസന വകുപ്പുമായി സംസാരിച്ച് ഈ കുട്ടികൾക്ക് കൂടുതൽ സഹായങ്ങൾ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ച ശേഷം കയ്യൊഴിയുകയോ, ആ കുട്ടികളെ നിയമത്തിന്റെ നൂലാമാലകളിലേക്ക് തള്ളിവിടുകയോ അല്ല, അവരുടെ സംരക്ഷണം വകുപ്പ് ഏറ്റെടുത്ത് കരുതലിന്റെ പുതിയ മാതൃക തീർക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വന്യജീവി പ്രശ്‌നത്തിൽ ഒരു സമ്പൂർണ്ണ പദ്ധതി തയ്യാറാക്കി ജൂലൈ 9 ന് കേന്ദ്രമന്ത്രിയെയും പ്രധാനമന്ത്രിയെയും കാണുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ അവരെ ബോധ്യപ്പെടുത്തും. ചിന്നക്കനാലിലെ അവസ്ഥ അതീവ ഗുരുതരമാണ്. ജനവാസ മേഖലകളിൽ തന്നെ ആനകളും സഹവസിക്കുന്ന അവസ്ഥയാണുള്ളത്. പല കാലങ്ങളിൽ നടത്തിയിട്ടുള്ള അശാസ്ത്രീയമായ പുനരധിവാസങ്ങൾ അടക്കം ഇതിന്റെ രൂക്ഷത വർദ്ധിപ്പിച്ചിട്ടുണ്ട്. കൃത്യമായ പ്ലാനുകളിലൂടെ ഈ പ്രശ്‌നം ലഘൂകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.