കൂടുതൽ സ്കൂളുകളിലേക്ക് വിദ്യാർത്ഥി പോലീസ്: മന്ത്രി പി.സി. വിഷ്ണുനാഥ്

Jun 9, 2026
കൂടുതൽ സ്കൂളുകളിലേക്ക് വിദ്യാർത്ഥി പോലീസ്: മന്ത്രി പി.സി. വിഷ്ണുനാഥ്

വിദ്യാര്‍ഥിപൊലിസ്(എസ്.പി.സി) പദ്ധതി കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് വിനോദസഞ്ചാര, സാംസ്‌കാരിക, സിനിമ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. പുന്തലത്താഴം മീനാക്ഷിവിലാസം സ്‌കൂളിലെ കെഡറ്റുകളുടെ പാസിംഗ്ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളെ അച്ചടക്കവും സാമൂഹികപ്രതിബദ്ധതയുമുള്ളവരാക്കാന്‍ പദ്ധതി പ്രയോജനപ്പെടുന്നുണ്ട്. പൗരബോധം, നേതൃപാടവം, ചിന്താശേഷി, സേവനസന്നദ്ധത എന്നിവയും വളര്‍ത്തിയെടുക്കാനാകുന്നു. മാതൃകാപരമായ പദ്ധതിയുടെ മികവുറപ്പാക്കിയുള്ളപുരോഗതിക്ക് സര്‍ക്കാര്‍ എല്ലാപിന്തുണയും നല്‍കുമെന്നും മന്ത്രി അറിയിച്ചു. പരിശീലനം പൂര്‍ത്തീകരിച്ച 44 കെഡറ്റുകള്‍ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് എ ഷീന സത്യവാചകം ചൊല്ലിക്കൊടുത്തു. പരേഡ് കമാന്‍ഡര്‍ നിഖിത ജി. പ്രമോദിന്റെ അകമ്പടിയോടെ മന്ത്രി പരേഡ് പരിശോധിച്ചു. കൊറ്റങ്കര പഞ്ചായത്ത് അംഗം റസീന റാഫി, കിളികൊല്ലൂര്‍ എസ്.എച്ച്.ഒ ജയപ്രകാശ്, എസ്.പി.സി അസിസ്റ്റന്റ് ജില്ലാ നോഡല്‍ ഓഫീസര്‍ രാജേഷ്, പി.ടി.എ പ്രസിഡന്റ് എം.എസ് മിഥിലാജ്, എസ്.പി.സി പ്രോഗ്രാം ഓഫീസര്‍ ഷഹീര്‍, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ജി.സജി, വി.ആര്‍ ബിന്ദുമോള്‍, എസ്.ഐ വൈ സാബു, ഡ്രില്‍ ഇന്‍സ്ട്രക്റ്റര്‍മാരായ സംഗീത്, അനിതകുമാരി, എ.എസ്.ഐമാരായ എം ജെ ബിജോയ്, ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തൊഴിലും ഉറപ്പാക്കി രാജ്യാന്തരനിലവാരത്തിലുള്ള വിനോദസഞ്ചാരം- മന്ത്രി പി. സി. വിഷ്ണുനാഥ്

കൊല്ലം ജില്ലയില്‍ പ്രതിവര്‍ഷം 20 ലക്ഷം സഞ്ചാരികളെ ലക്ഷ്യമാക്കിയുള്ള വിനോദസഞ്ചാരവികസനത്തിന് വൈവിധ്യമാര്‍ന്നപദ്ധതികള്‍ നടപ്പിലാക്കുമെന്ന് വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. അഷ്ടമുടികേന്ദ്രീകരിച്ച് രാജ്യാന്തരനിലവാരത്തിലുള്ള വിനോദോപാധികളാണ് ഉദ്ദേശിക്കുന്നത്. ജെന്‍ സി മാത്രമല്ല ജെന്‍ ആല്‍ഫയെക്കൂടി കണക്കിലെടുത്തുള്ള ഗെയ്മിംഗ് സോണുകള്‍ സജ്ജമാക്കും. കുടുംബത്തോടെയുള്ള സഞ്ചാരത്തിന് പ്രോത്സാഹനമാകുംവിധം താമസസൗകര്യവും മെച്ചപ്പെടുത്തും; സഞ്ചാരികള്‍ കൂടുതല്‍ ദിവസം തങ്ങുന്നരീതി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ലക്ഷ്യം. പ്രാദേശികഉത്പന്നങ്ങള്‍ക്കുള്ള വിപണിയും അനുബന്ധമായി വികസിപ്പിക്കും. ഇതിലൂടെ പ്രദേശത്തുള്ളവരുടെ ജീവിതനിലവാരം ഉയര്‍ത്താനാകും. ആധുനിക സംവിധാനങ്ങളുടെ നിര്‍മാണഘട്ടത്തില്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. പൂര്‍ത്തീകരണത്തോടെ പ്രത്യക്ഷ-പരോക്ഷതൊഴിലുകള്‍ക്കും സാധ്യതയേറും. മേഖലയില്‍ നിന്ന് പ്രതിവര്‍ഷം കുറഞ്ഞത് 50 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. വഞ്ചിവീടുകളിലൂടെ കായല്‍യാത്ര, തങ്കശ്ശേരി വിളക്കുമാടത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തിയുള്ള ലഘുസഞ്ചാരം എന്നിവയും യാഥാര്‍ഥ്യമാക്കും. വിനോദസഞ്ചാരമൂല്യവര്‍ധനയ്ക്കായി സാംസ്‌കാരിക പരിപാടികള്‍, പാരമ്പര്യകലാരൂപങ്ങളുടെ അവതരണം, കരകൗശലവിദഗ്ധര്‍ക്ക്ഇടമൊരുക്കല്‍ തുടങ്ങിയവയുമുണ്ടാകും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നതനിലവാരത്തിലുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും. ജൈവവൈവിധ്യസംരക്ഷണംഉറപ്പാക്കി സുസ്ഥിരവിനോദസഞ്ചാരമാണ് തലമുറകള്‍ക്കായി ഒരുക്കുക. കായലില്‍ ഒഴുകുന്ന ഭക്ഷണശാലയില്‍ 100 പേര്‍ക്കാണ് ഇടമൊരുക്കുന്നത്. ജലകേളികള്‍ക്കുള്ള സൗകര്യവും സജ്ജമാക്കും. കണ്ടല്‍ക്കാടുകളിലേക്കുളള സഞ്ചാരമൊരുക്കി പ്രകൃതിസന്ദേശവും നല്‍കാനാകും. കായല്‍ മലിനമക്കുന്നത് തടയുന്നതിന് ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തും. സാധ്യമായ ഇടങ്ങളില്‍ സംരക്ഷണവേലിയുമുണ്ടാകുമെന്ന് സന്ദര്‍ശനശേഷം നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസമേഖലയ്ക്കായി നൂതനപദ്ധതികള്‍: മന്ത്രി പി.സി. വിഷ്ണുനാഥ് 

പൊതുവിദ്യാഭ്യാസമേഖലയുടെ സമഗ്രപുരോഗതി ഉറപ്പാക്കാന്‍ നൂതനപദ്ധതികള്‍ നടപ്പാക്കുമെന്ന് വിനോദസഞ്ചാര,സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. കാഞ്ഞിരക്കോട് സെന്റ് മാര്‍ഗരറ്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ എം.എല്‍.എ ആസ്തി വികസന ഫണ്ട് മുഖേന നിര്‍മിച്ച ശൗചാലയസമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളുടെ പശ്ചാത്തലസൗകര്യവികസനത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഉറപ്പാക്കും. വിദ്യാര്‍ത്ഥികളുടെ അക്കാദമിക് പാഠ്യേതരമികവ് വര്‍ധിപ്പിക്കാനും നടപടികളുണ്ടാകും. ലഹരിവിപത്ത് ചെറുക്കാനായി മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായപ്രവര്‍ത്തനം അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. 10 ലക്ഷം രൂപ ചിലവഴിചാണ് സമുച്ചയം നിര്‍മിച്ചത്. പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശ്യാം അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വത്സല സതീശന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതികളുടെ അധ്യക്ഷരായ വൈ ഓസ്‌ബോണ്‍, ബെന്‍സി ബെന്നി, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. കെ. പ്രസന്നകുമാര്‍, ഹെഡ്മിസ്ട്രസ് സുനിത ജോസഫ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പി.ആര്‍.കെ നമ്പര്‍ 1099/2026)