എറണാകുളം വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു
ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇപ്പോൾ 51 പേർക്ക് ഈ പഞ്ചായത്തിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്

എറണാകുളം :വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇപ്പോൾ 51 പേർക്ക് ഈ പഞ്ചായത്തിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ രോഗബാധിതരുടെ എണ്ണം ഇതിലും ഇരട്ടിയിൽ അധികം വരുമെന്ന് നാട്ടുകാർ പറയുന്നു. മഞ്ഞപ്പിത്തം വ്യാപകമായതോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ പ്രദേശത്ത് ഊർജ്ജിതമാക്കി.പെരുമ്പാവൂറിന് സമീപമുള്ള വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ ചില വാർഡുകളിലാണ് മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നത്. വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ 11,12 എന്നീ വാർഡുകളിലാണ് ഏറ്റവും കൂടുതൽ രോഗികൾ. എറണാകുളത്തെ വിവിധ സ്വകാര്യ ആശുപത്രികളിലും, കോട്ടയം മെഡിക്കൽ കോളേജിലുമായി നിരവധി പേർ ചികിത്സയിലാണ്. കഴിഞ്ഞ പതിനേഴാം തീയതിയാണ് വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ ആദ്യ മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചത്. തൊട്ടടുത്ത ദിവസം തുടങ്ങി രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി. വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണം നടത്തുന്ന പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്തം പടരുന്നത്. പൊട്ടിയ പൈപ്പ് ലൈനിലൂടെ മലിനജലം കടന്നാണ് രോഗം വ്യാപിപ്പിക്കുന്നത് എന്നാണ് നിഗമനം. ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ചൊവ്വാഴ്ച ഇതുമായി ബന്ധപ്പെട്ട അടിയന്തര അവലോകനയോഗം ചേരുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ശില്പാ സുധിഷ് പറഞ്ഞു.