കാലടി പ്ലാന്റേഷനിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്.
ആനയെ ഓടിക്കുന്നതിനിടയിൽ പിന്നിൽനിന്ന് വന്ന മറ്റൊരു കാട്ടാന പ്രസാദിനെ തുമ്പിക്കൈ കൊണ്ട് എടുത്തെറിയുകയായിരുന്നു

അങ്കമാലി : അയ്യമ്പുഴ സ്വദേശി കോഷ്ണായി വീട്ടിൽ പ്രസാദ് (50) എന്നയാൾക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7:30ഓടെ കല്ലാല എസ്റ്റേറ്റ് ഇ ഡിവിഷൻ 13-ാം ബ്ലോക്കിലാണ് സംഭവം.
സ്ത്രീ തൊഴിലാളികൾ കാട് വെട്ടുന്നതിനായി ഇറങ്ങിയ കശുമാവിൻ തോട്ടത്തിൽ നിലയുറപ്പിച്ച ആനയെ തുരത്തുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. ആനയെ ഓടിക്കുന്നതിനിടയിൽ പിന്നിൽനിന്ന് വന്ന മറ്റൊരു കാട്ടാന പ്രസാദിനെ തുമ്പിക്കൈ കൊണ്ട് എടുത്തെറിയുകയായിരുന്നു.ആക്രമണത്തിൽ പ്രസാദിന്റെ വാരിയെല്ലുകൾ തകർന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അങ്കമാലി എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.