വനിത എ.എസ്.ഐയുടെ പ്രവർത്തനം മാതൃകയായി
ചവറ പൊലീസ് സ്റ്റേഷനിലെ എ.എസ്. ഐ ഉഷയാണ് അന്തർ സംസ്ഥാന തൊഴിലാളിയുടെ വേർപ്പെട്ട കാൽ റോഡിൽ നിന്ന് ശേഖരിച്ച് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്.
കരുനാഗപ്പള്ളി: അർധരാത്രിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റയാളുടെ വേർപെട്ട കാലുമായി ഏകയായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട വനിത എ.എസ്.ഐയുടെ പ്രവർത്തനം മാതൃകയായി. ചവറ പൊലീസ് സ്റ്റേഷനിലെ എ.എസ്. ഐ ഉഷയാണ് ചവറ ടൗണിൽ അർധരാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളിയുടെ വേർപ്പെട്ട കാൽ റോഡിൽ നിന്ന് ശേഖരിച്ച് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്.അപകടത്തിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബംഗാൾ ഗാന്ധി നഗർ സ്വദേശി റുക്ഷാദ് (36) മരണപ്പെട്ടു. ദേശീയപാതയുടെ കോൺട്രാക്റായ വിശ്വസമുദ്ര കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിപ്പർ വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്.
ചവറ സ്റ്റേഷനിൽ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉഷയോട് ഹൈവേ പട്രോളാണ് അപകടവിവരം അറിയിച്ചത്. പെട്ടെന്ന് തന്നെ അവർ സ്റ്റേഷനിൽനിന്ന് ഹൈവേയിലേക്ക് വന്ന് അതുവഴിവന്ന ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് സംഭവസ്ഥലത്തെത്തി. പരിക്കേറ്റവരെ അപ്പോഴേക്കും അടുത്തുള്ള നീണ്ടകര ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, അപകടത്തിൽപ്പെട്ട ആളുടെ അറ്റുപോയ കാൽ റോഡിൽ കിടക്കുകയായിരുന്നു . ഇത് ശ്രദ്ധയിൽപെട്ട ഉഷ റോഡിൽ കിടന്ന കാൽ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് അതിവേഗം 108 ആംബുലൻസ് വിളിച്ച് നീണ്ടകര ആശുപത്രിയിലേക്കും അവിടെ നിന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കും എത്തിക്കുകയായിരുന്നു. പൂർണമായി രക്തം വാർന്നുപോയതിനാൽ വേർപ്പെട്ട കാൽ തുന്നിപ്പിടിപ്പിക്കാനുള്ള ശ്രമം പരാജയപ്പെടുകയും റുക്ഷാദ് രാവിലെയോടെ മരണപ്പെടുകയും ചെയ്തു. മേലുദ്യോഗസ്ഥന്മാരെ വിളിച്ചുവരുത്താതെ സ്വയം രക്ഷാദൗത്യം ഏറ്റെടുത്തു അർധരാത്രിയിൽ സേവന നിരതയായ പൊലീസ് ഉദ്യോഗസ്ഥക്ക് വകുപ്പ് മേധാവികൾ അടക്കമുള്ള വരുടെ അഭിനന്ദനപ്രവാഹം തുടരുകയാണ്.