ലോക്സഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കേ പശ്ചിമബംഗാളിൽ വിവിധയിടങ്ങളിൽ സംഘർഷം
ജയ്നഗറില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഒരു സംഘം കുളത്തിലെറിഞ്ഞു. ജാദവ്പുരില്‍ ബോംബേറുണ്ടായി.
കോൽക്കത്ത: ലോക്സഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കേ പശ്ചിമബംഗാളിൽ വിവിധയിടങ്ങളിൽ സംഘർഷം. ജയ്നഗറില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഒരു സംഘം കുളത്തിലെറിഞ്ഞു. ജാദവ്പുരില്‍ ബോംബേറുണ്ടായി.പശ്ചിമബംഗാളിലെ ഒമ്പതു മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനിടെ ജാദവ്പുര്‍ നിയോജക മണ്ഡലത്തിലെ ഭംഗറില്‍ തൃണമൂല്‍ കോണ്‍ഗ്രസ്- ഐഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.ഇരുപാര്‍ട്ടികളുടെയും അനുയായികള്‍ പരസ്പരം ബോംബെറിഞ്ഞു. പോലീസ് സ്ഥലത്തെത്തിയിട്ടും സംഘർഷത്തിന് അയവുണ്ടായില്ല. ഇതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തി വീശി. പ്രദേശത്ത് നിന്ന് നിരവധി ബോംബുകള്‍ പൊലീസ് കണ്ടെടുത്തു. ആറ് ബൂത്തുകളില്‍ വിവിധ സംഘര്‍ഷങ്ങളില്‍ കേസെടുത്തിട്ടുണ്ട്.ജയ്നഗർ ലോക്സഭാ മണ്ഡലത്തിലെ കൂല്‍തലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെയാണ് അക്രമികൾ രണ്ടു റിസർവ് വിവിപാറ്റ് യന്ത്രങ്ങളും ഒരു കണ്ട്രോള് യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റും കുളത്തിലെറിഞ്ഞത്. ബിജെപി പ്രവർത്തകരാണ് പിന്നിലെന്ന് തൃണമൂൽ ആരോപിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.