പ്രതിസന്ധിയിലായ വയനാട്ടിലെ ടൂറിസം മേഖലയെ കൈപിടിച്ചുയർത്താന്‍ പദ്ധതിയുമായി WDM-ഉം, AKTPA-യും
വയനാട്ടിലെ റിസോർട്ടുകളും ഹോംസ്റ്റേകളും പ്രവർത്തന രഹിതമായതിനാൽ പതിനായിരക്കണക്കിന് തൊഴിലാളികളുടെയും അവസ്ഥ ദുരിതത്തിലായി.

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിന് ശേഷം പ്രതിസന്ധിയിലായ വയനാട്ടിലെ ടൂറിസം മേഖലയെ കൈപിടിച്ചുയർത്താന്‍ പദ്ധതിയുമായി ഓൾ കേരള ടൂർ പാക്കേജേർസ് അസോസിയേഷനും വയനാട് ടെസ്റ്റിനേഷൻ മേക്കേർസും. കഴിഞ്ഞ ഒരു മാസമായി കനത്ത തിരിച്ചടിയാണ് വയനാട്ടിലെ ടൂറിസം മേഖല നേരിട്ട് കൊണ്ടിരിക്കുന്നത്. വയനാട്ടിലെ റിസോർട്ടുകളും ഹോംസ്റ്റേകളും പ്രവർത്തന രഹിതമായതിനാൽ പതിനായിരക്കണക്കിന് തൊഴിലാളികളുടെയും അവസ്ഥ ദുരിതത്തിലായി.ടൂറിസം മേഖലയുടെ പ്രതിസന്ധിയിൽ പരിഹാരം കണ്ടെത്തുന്നതിനായി വയനാട് ഡെസ്റ്റിനേഷൻ മേക്കേർസിന്റെ സഹകരണത്തോടെ വയനാട്ടിലെ വിവിധ ടൂറിസം കേന്ദ്രങ്ങളും റിസോർട്ടുകളും സന്ദർശിക്കുകയും ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കുകയും ചെയ്തു. ഓൾ കേരള ടൂർ പാക്കേജേർസ് അസോസിയേഷന്റെ അറുപതോളം അംഗങ്ങളുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കേരളത്തിലെ 14 ജില്ലകളിലെ ടൂർ ഓപ്പറേറ്റർമാർ കൂടാതെ കേരളത്തിന് പുറത്തു നിന്നുമുള്ള ടൂർ ഓപ്പറേറ്റർമാറും ഇതിൽ ഭാഗമായി.