ഉരുൾപൊട്ടൽ: സഹായം നിഷേധിച്ച് കേന്ദ്രം; 19ന് വയനാട്ടിൽ എൽഡിഎഫ്–യുഡിഎഫ് ഹർത്താൽ
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കു കേന്ദ്രസഹായം നിഷേധിക്കുന്നതിനെതിരെ 19ന് വയനാട്ടിൽ യുഡിഎഫും എൽഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചു. പ്രതിപക്ഷവും ഭരണപക്ഷവും വെവ്വേറെയാണു ഹർത്താലിന് ആഹ്വാനം ചെയ്തത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരെയാണു യുഡിഎഫ് പ്രതിഷേധം. ഫണ്ട് അനുവദിക്കാത്ത കേന്ദ്രനിലപാടിന് എതിരെയാണു എൽഡിഎഫിന്റെ ഹർത്താൽ. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ കടകളും സ്ഥാപനങ്ങളും ഉൾപ്പെടെ അടച്ചിടാനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നുള്ള നിർദേശപ്രകാരമാണ് ആഭ്യന്തര സഹമന്ത്രി മറുപടി നൽകിയതെന്നാണു വിവരം. 2024 ഏപ്രിൽ 1 വരെ 394 കോടി രൂപ എസ്ഡിആർഎഫിൽ ബാക്കിയുണ്ടെന്ന് അക്കൗണ്ടന്റ് ജനറൽ അറിയിച്ചിട്ടുണ്ടെന്നു കേന്ദ്രത്തിന്റെ മറുപടിയിൽ പറയുന്നു. 2024–25ൽ എസ്ഡിആർഎഫിലേക്ക് 388 കോടി കൈമാറിയതിൽ 291 കോടി കേന്ദ്ര വിഹിതമാണ്. പ്രത്യേക സഹായമായി 1500 കോടിയോളം രൂപയാണു കേരളം ആവശ്യപ്പെട്ടത്.